ചെങ്ങന്നൂർ: ആഗോള തലത്തിൽ ശ്രീനാരായണ സന്ദേശങ്ങളുടെ പ്രസക്തി അംഗീകരിക്കപ്പെട്ടതായും വിശ്വഗുരുവും പുണ്യാത്മാവുമാണ് ശ്രീനാരായണ ഗുരുദേവനെന്നും കിടങ്ങന്നൂർ സെന്റ് തെരേസാസ് മലങ്കര കാത്തോലിക്കാ പള്ളി വികാരി ഫാ.സനു തെക്കേ കാവിനാൽ പറഞ്ഞു. ശ്രീനാരായണഗുരുദേവൻ 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി, ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടന്ന ത്രിദിന ലോകമത പാർലമെന്റിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാറയ്ക്കൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന പ്രതീകാത്മക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാറയ്ക്കൽ ശ്രീനാരായണ ധർമ്മ സേവാ സംഘം ട്രസ്റ്റ് പ്രസിഡന്റ് കെ. എൻ. ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. റോമൻ കത്തോലിക്കാ അംഗം ജി. ശാന്തകുമാരി, ശാഖാ പ്രസിഡന്റ് ശ്രീകുമാരി, ധർമ്മസംഘം വൈസ് പ്രസിഡന്റ് സന്തോഷ്, കായംകുളം മഹാഗുരു കോളേജ് പ്രൊഫ. രന്തീഷ്.ജെ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു.എം എന്നിവർ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ഗുരുദേവ ക്ഷേത്രത്തിൽ 100 വിളക്കുകൾ തെളിച്ചു.