mala

ശബരിമല : മഴയും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ശബരിമല യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശരണപാതയിൽ തീർത്ഥാടകരെ നിയന്ത്രിച്ചാണ് കയറ്റിവിടുന്നത്. പ്രധാന ഇടത്താവളങ്ങളിലും നിയന്ത്രണങ്ങളുണ്ട്. സന്നിധാനത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാകും തീർത്ഥാടകരെ നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് അയയ്ക്കുക.

നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ പമ്പാസ്നാനത്തിന് നിയന്ത്രണമുണ്ട്. അതീവ ജാഗ്രതാ നിർദ്ദേശം തുടർച്ചയായി ഉച്ചഭാഷിണിയിലൂടെ നൽകിവരുന്നു. ത്രിവേണിയിൽ സംഗമിക്കുന്ന പമ്പ, കക്കി നദികളിലും വലിയതോട്ടിലും നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ഉയരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ട് കടവ് എന്നിവിടങ്ങളിൽ തടയണ തുറന്നുവിട്ട് ഇടയ്ക്കിടെ വെള്ളം ഒഴുക്കികളയുന്നുണ്ട്. ശബരിമല മേഖലയിൽ അടുത്ത മൂന്ന് ദിവസം കൂടി മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സന്നിധാനത്തും പമ്പയിലും ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. എ.ഡി.എം അരുൺ എസ്.നായരുടെ മേൽനോട്ടത്തിലാണ് ക്രമീകരണങ്ങൾ.

പരമ്പരാഗത പാതകളിൽ നിരോധനം

പരമ്പരാഗത കാനന പാതകളായ കുമളിയിൽ നിന്ന് മുക്കുഴി - സത്രം വഴിയും കഴുതക്കടവ് - പമ്പ വഴിയുമുള്ള യാത്രകൾക്ക് ഇടുക്കി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് തീർത്ഥാടകരെ കടത്തിവിടും.

കഴിഞ്ഞ ദിവസം വൈകിട്ട് പുല്ലുമേട് പാതയിലൂടെ ശബരിമലയിലേക്ക് എത്തിയ പന്ത്രണ്ടംഗ തീർത്ഥാടക സംഘം കഴുതക്കുഴി ഭാഗത്ത് കനത്ത മഴയെ തുടർന്ന് കുടുങ്ങിയിരുന്നു. സന്നിധാനത്ത് നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

സുരക്ഷ മുൻനിറുത്തി പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ തീർത്ഥാടകർ കർശനമായും പാലിക്കണം.

പി.ബിജോയ് (സന്നിധാനം എസ്.ഒ)