
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ റേഷൻ കടകളിലെ അരിക്ക് പ്രിയമേറെയാണ്. ഗുണമേന്മ അൽപ്പം കുറഞ്ഞാലും മുൻഗണനാ വിഭാഗക്കാർക്കും ആശ്വാസമാണ് റേഷനരി. കോന്നി താലൂക്കിലെ റേഷൻ കടകളിലേക്ക് അരിയെത്തിക്കുന്നത് കോന്നിയിലെ സിവിൽ സപ്ളൈസ് ഗോഡൗണിൽ നിന്നാണ്. പതിവ് തെറ്റിക്കതെ റേഷൻ കടകളിലെത്തിയിരുന്ന അരി വിതരണം അടുത്തിടെ താറുമാറായി. ഗോഡൗണിൽ നിന്ന് അരി മോഷണം പോയതാണ് കാർഡുടമകളുടെ അരിക്കലങ്ങൾ കാലിയാക്കിയത്. റേഷൻകടകളിൽ നിന്ന് അരി ലഭിക്കാതെ വന്നതോടെ മലയോരവാസികൾക്ക് പൊതുവിപണിയിൽ നിന്ന് വൻവില കൊടുത്ത് അരി വാങ്ങേണ്ടി വന്നു.
കടത്തിയത് 36ലക്ഷം
രൂപയുടെ അരി
കുത്തരിയും പച്ചരിയുമാണ് കടത്തിക്കൊണ്ടുപോയത്. അരി മോഷണംപോയ സാഹചര്യം വിചിത്രമാണ്. സാധാരണ കടയിൽ കയറി പണമോ സാധനങ്ങളോ മോഷ്ടിച്ച് പെട്ടന്നു കടത്തുന്നതു പോലെയല്ല ക്വിന്റൽ കണക്കിന് വരുന്ന അരിച്ചാക്കുകൾ കടത്തുന്നത്. അതിന് മണിക്കൂറുകൾ വേണ്ടിവരും. ഇരുട്ടിന്റെ മറവിൽ കോന്നി ഗോഡൗണിൽ നിന്ന് കടത്തിക്കൊണ്ടുപോയത് തൊള്ളായിരത്തി മുപ്പത്തിയാറ് ക്വിന്റൽ അരിയാണ്. പോക്കറ്റിലോ സഞ്ചയിലോ ഇട്ടുകൊണ്ടുപോകുന്ന ലാഘവമല്ലല്ലോ ഇതിനു വേണ്ടത്. അരിച്ചാക്കുകൾ കടത്താൻ ലോറി വേണം. ലോറിയിൽ കയറ്റാൻ ആളുകൾ വേണം. ഇങ്ങനെയാണ് ഗോഡൗണിൽ നിന്ന് അരി കടത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ അരി കടത്തിയത് ഗോഡൗൺ ജീവനക്കാരും ചുമട്ടുതൊഴിലാളകളും നടത്തിയ ഒത്തുകളിയിലൂടെയാണ്. മോഷണം പതുക്കി വച്ചത് കോന്നി സപ്ളൈ ഓഫീസറാണ് പുറത്തു കൊണ്ടുവന്നത്. മൂന്നുമാസം കൂടുമ്പോൾ ഗോഡൗണുകളിൽ പരിശോധന നടത്തി കണക്കുകൾ തയ്യാറാക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം കോന്നിയിലെ ഗോഡൗണിൽ പരിശോധന നടത്തിയപ്പോഴാണ് അരിച്ചാക്കിൽ കുറവ് കണ്ടത്. വിശദമായ പരിശോധനയിൽ മുപ്പത്തിയാറു ലക്ഷം രൂപയുടെ അരി
കടത്തിയതായി കണ്ടെത്തി. ഗോഡൗണിന്റെ ചുമതലയുണ്ടായിരുന്ന രണ്ടുപേരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. ഇത്രയുമായപ്പോൾ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്ന മട്ടിലായിരുന്നു സിവിൽ സപ്ളൈസ് വകുപ്പ്. അരിക്കടത്തിന് ഉത്തരവാദികളായവരെ പേരിന് അയൽജില്ലകളിലേക്ക് സ്ഥലം മാറ്റാനായിരുന്നു ആദ്യ നീക്കം. പ്രശ്നം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സസ്പെൻഷനുണ്ടായത്. ഇവിടെയും അവസാനിക്കാത്ത കുറേ കാര്യങ്ങളുണ്ട്. അരി കടത്തിയത് എങ്ങോട്ടണ്, ആർക്കുവേണ്ടി, കടത്തിയ അരി പിടിച്ചെടുത്തോ. അര കടത്തിയത് മോഷണമാണ്. ഇതിന് പൊലീസിൽ പരാതി നൽകിയോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ടായിരുന്നു.
മറിച്ചു വിൽക്കുന്നത്
വലിയ വിലയ്ക്ക്
സംഭവം വിവാദമായപ്പോൾ അരിമോഷണത്തിന് കോന്നി പൊലീസിൽ പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്. പൊലീസ് നടപടി തുടങ്ങാനിരിക്കുന്നതേയുള്ളൂ. പ്രഥമ വിവര റിപ്പോർട്ട് തയ്യാറായെങ്കിലും ഗോഡൗണിൽ പരിശോധന നടത്തേണ്ടതുണ്ട്. മോഷണത്തിന്റെ തെളിവെടുപ്പ് നടത്തണം. പ്രതികളെക്കുറിച്ച് ധാരണയുണ്ട്. പൊലീസ് എന്തു ചെയ്യുന്നുവെന്നാണ് ജനം ഉറ്റുനോക്കുന്നത്. ലോറിയിൽ കടത്തിക്കൊണ്ടുപോയ അരി ചങ്ങനാശേരിയിലെത്തിയെന്ന് സൂചന ലഭിച്ചിരുന്നു. ആദ്യം പത്തനാപുരം ഭാഗത്തേക്ക് എത്തിക്കാനായിരുന്നു നീക്കം. പൊതുവിപണിയിൽ കൊള്ള വിലയ്ക്ക് അരി വിൽക്കുന്ന സ്വകാര്യ കുത്തക മുതലാളിമാരുടെ ഗോഡൗണിൽ കോന്നിയിലെ അരിയെത്തിയെന്നാണ് സംശയം. ഗോഡൗണിൽ നിന്നു കടത്തിയ അരി കിലോയ്ക്ക് അൻപതിലേറെ രൂപയ്ക്ക് പൊതുവിപണിയിൽ മറിച്ചുവിൽക്കുകയാണ് സ്വകാര്യ ലോബികൾ ചെയ്യുന്നത്. പച്ചരിക്ക് കിലോയ്ക്ക് നാൽപ്പത്തിയഞ്ച് രൂപവരെ പൊതുവിപണിയിൽ ഈടാക്കുന്നു.
മലയോര മേഖലയിൽ മുൻഗണനാ കാർഡുകാർക്ക് ലഭിക്കേണ്ട റേഷനരി വൻകിട മുതലാളിമാർ തട്ടിയെടുത്തിട്ടും സർക്കാർ ഗൗരവമായി എടുത്തിട്ടില്ല. കോന്നിയിലെ അരിക്കടത്ത് നിസാരമായതോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ല. പലതരത്തിൽ റേഷനരി കടത്ത് നടക്കുന്നുണ്ട്. ചാക്കുകൾ കുത്തിക്കീറി ചെറിയ അളവിൽ നടത്തിക്കൊണ്ടിരുന്ന തട്ടിപ്പാണ് വലിയ തലത്തിലെത്തിയത്. പരിചയ സമ്പന്നരും തട്ടിപ്പ് മറയ്ക്കാനുള്ള സൂത്രങ്ങൾ കണ്ടുപിടിച്ചവരും സപ്ളൈകോ ഗോഡൗണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കോന്നിയിലെ അരി കടത്തിയ രീതി അത് വെളിവാക്കുന്നുണ്ട്. ഗോഡൗണുകളിലെ ചാക്കുകൾ അട്ടിയായി അടുക്കുന്നതിന് രീതിയും കണക്കുമുണ്ട്. തട്ടിപ്പു പുറത്തുവരാതിരിക്കാൻ മദ്ധ്യഭാഗത്തു നിന്ന് ചാക്കുകൾ കടത്തി. പിന്നീട് അട്ടികൾ ഇളക്കി കൂട്ടിയിട്ടു. ആദ്യ പരിശോധനയിൽ കുറഞ്ഞ അളവിൽ ചാക്കുകൾ കടത്തിയതായാണ് കണ്ടത്. വിശദപരിശോധനയിൽ കൂടുതൽ ചാക്കുകൾ കാണാതായി. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസിൽ പരാതിപ്പെട്ടത്. കടത്തിയ ചാക്കുകളിൽ നിന്ന് അരി മാറ്റാൻ ഇത്രയും സമയം അധികമാണ്. അതുകൊണ്ട് മോഷണം പാേയ അരി പിടിച്ചെടുക്കാനാകുമോ എന്നതും സംശയമാണ്.
അരി കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്ന് തുക തിരിച്ചു പിടിക്കാനാണ് സിവിൽ സപ്ലൈ അധികൃതരുടെ നീക്കം. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നോ ഗ്രാറ്റുവിറ്റിയിൽ നിന്നോ തുക പിടിക്കണമെന്ന നിർദ്ദേശമാണ് വകുപ്പുതല അന്വേഷണത്തിലെ ശുപാർശ.
ഭാവിയിൽ ഇത്തരം ഗുരുതരമായ കുറ്റകൃത്യം തടയാൻ അധികൃതർ എന്തു നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. ആധുനിക ഡിജിറ്റൽ ലോകത്ത് മോഷണം കണ്ടുപിടിക്കാനും തടയാനുമുളള സാങ്കേതിക വിദ്യകൾ ലഭ്യമാണ്. സ്വകാര്യ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ സാങ്കേതിക സംവിധാനം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, നമ്മുടെ സർക്കാർ വകുപ്പുകൾ പിന്നിലാണ്. ഇപ്പോഴും ബുക്കും ലഡ്ജറും വച്ച് കണക്കുകൾ എഴുതുന്ന ഓഫീസുകളുണ്ട്. അതീവ പ്രധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട സർക്കാർ ഗോഡൗണുകളെ ഡിജിറ്റലൈസ് ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്ത് മോഷണം കണ്ടുപിടിക്കാൻ പ്രയാസമില്ല. മോഷ്ടാക്കളെ കണ്ടെത്തുകയെന്നതാണ് ദുഷ്കരം. മോഷണം നടത്തിയത് ആരെന്നു തെളിഞ്ഞാൽ പാെലീസിന്റെ പകുതി ജോലി എളുപ്പത്തിലാകും.