
പത്തനംതിട്ട: ദേശീയ കന്നുകാലി സർവേയ്ക്ക് സംസ്ഥാനത്ത് മെല്ലപ്പോക്ക്. സർവേ നടത്തുന്ന കുടുംബശ്രീ പശുസഖിമാരുടെ പരിശീലനം ഇതുവരെ പൂർത്തിയായിട്ടില്ല. ദേശീയ തലത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 25നാണ് സർവേ തുടങ്ങിയത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലെ കന്നുകാലികളുടെ കണക്കെടുത്ത് സംസ്ഥാനത്തും ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് സർവേ മുന്നോട്ടു പോയില്ല.
അതേസമയം,മറ്റു സംസ്ഥാനങ്ങളിൽ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ സർവേ ആരംഭിച്ചു. കേരളത്തിൽ ജോലിഭാരവും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർമാർ സർവേയിൽ നിന്ന് പിൻമാറിയത്. തുടർന്ന്,പശുസഖിമാർ എന്ന പേരിൽ 2,600 കുടുംബശ്രീ പ്രവർത്തകരെ ഇതിനായി തിരഞ്ഞെടുത്തെങ്കിലും തൃശൂർ ജില്ലയിലുള്ളവരുടെ മാത്രമാണ് പരിശീലനം പൂർത്തിയായിട്ടുള്ളത്.
നാല് മാസം കൊണ്ട് പൂർത്തിയാക്കേണ്ട സർവേയിൽ ഒരു പശുസഖി മൂവായിരം വീടുകളാണ് സന്ദർശിക്കുന്നത്. കൂടെ അറവുശാലകൾ,മാംസ സംസ്കരണ പ്ളാന്റുകൾ,ഗോശാലകൾ എന്നിവയും സന്ദർശിക്കും. ഓരോ പഞ്ചായത്തിലേയും വെറ്റിറനറി ഓഫീസർമാരുടെ മേൽനോട്ടത്തിൽ വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ശേഖരിക്കുന്നത്. ഗാമങ്ങളിൽ ഒരു വീട്ടിൽ സർവേയ്ക്ക് എട്ട് രൂപയും നഗരങ്ങളിൽ ഒൻപത് രൂപയുമാണ്.
ലക്ഷ്യം
കർഷകർക്കും ക്ഷീര മേഖലയ്ക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിലൂടെ മൃഗസംരക്ഷണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കും.
അവസാനം നടന്നത് 2019ൽ
കേരളത്തിൽ 29,0,8000 കന്നുകാലികൾ
പശുക്കളും കാളകളും 46.14%
ആടുകൾ 46.74%
പോത്തുകൾ 3.49%
പന്നികൾ 3.57%
കുതിരകൾ 0.02%
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ പിൻമാറിയതിനാൽ കുടുംബശ്രീ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമുണ്ടായി. പരിശീലനം പൂർത്തിയാക്കി ഉടൻ സർവേ ആരംഭിക്കും.
-മൃഗസംരക്ഷണ വകുപ്പ്