 
തിരുവല്ല : വാട്ടർ അതോറിറ്റിയുടെ തിരുവല്ല ഡിവിഷനിലെ പമ്പ് ഹൗസിലുണ്ടായ വൻ തീപിടിത്തത്തിൽ കേബിളുകൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഡിവിഷൻ വളപ്പിലെ ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 6.30നാണ് സംഭവം. കുടിവെള്ള വിതരണവും നിലച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉൾപ്പെട്ട 11 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. ട്രാൻസ്ഫോർമറിൽ നിന്ന് പമ്പ് ഹൗസിലേക്കുള്ള കേബിളുകളാണ് കത്തിനശിച്ചത്. തീ പടർന്നതിനെ തുടർന്ന് വലിയ ശബ്ദത്തോടെ കേബിളുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. കേബിളുകളിൽ മഴവെള്ളം ഇറങ്ങി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 15 മീറ്ററോളം ഭാഗത്തെ നിരവധി കേബിളുകൾ കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്ന് ആറ് പമ്പ് ഹൗസുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന കേബിളുകളാണ് കത്തിനശിച്ചത്. വാട്ടർ അതോറിറ്റിയുടെ വിദഗ്ദ്ധസംഘം പരിശോധന നടത്തി.
കത്തിനശിച്ച കേബിളുകൾക്ക് പകരം പുതിയവ എത്തിച്ച് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങി.
കാർത്തിക എസ്.ജി,
തിരുവല്ല ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ
കുടിവെള്ളം 7വരെ മുടങ്ങും
പമ്പ് ഹൗസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തിരുവല്ലയിൽ നിന്നുള്ള കുടിവെള്ള വിതരണം 7വരെ പൂർണമായും മുടങ്ങും.വത്സലകുമാരി, വാട്ടർ അതോറിറ്റി
അസി.എക്സിക്യുട്ടീവ് എൻജിനിയർ
കുടിവെള്ളം മുടങ്ങുന്ന സ്ഥലങ്ങൾ
തിരുവല്ല, ചങ്ങനാശ്ശേരി നഗരസഭാ പ്രദേശങ്ങൾ, കവിയൂർ, കുന്നന്താനം ഗ്രാമപഞ്ചായത്തുകളിലെ വിവിധയിടങ്ങൾ, പെരിങ്ങര പഞ്ചായത്തിലെ ഇടിഞ്ഞില്ലം, പെരിന്തുരുത്തി, വേങ്ങൽ, നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ.
സമീപ ജില്ലകളിലെ പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, വെളിയനാട്, എടത്വാ, തലവടി പഞ്ചായത്തുകൾ.