1
പൂവനക്കടവ് -ചെറുകോൽപ്പുഴ റോഡിൽ താളിയാനിപ്പടിയ്ക്ക് സമീപം നിയന്ത്രണം വിട്ടകാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചപ്പോൾ

ഇന്നലെയും അപകടം, മൂന്നുപേർക്ക് പരിക്ക്

മല്ലപ്പള്ളി :അപകടം ഒഴിയാതെ പൂവനക്കടവ് - പുഴകോൽപ്പുഴ റോഡ്. 2.5 കോടി രൂപയുടെ നവീകരണം തുടങ്ങിയിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാത്ത റോഡാണിത്. റോഡിന്റെ നവീകരണം 2. 850 കിലോമീറ്റർ ദൂരത്തിൽ നിറുത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. ആരംഭഘട്ടത്തിൽ 8 കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് ഒഴിച്ചാൽ ഇടയ്ക്ക് നടത്തിയത് ആദ്യഘട്ടത്തിലെ ബിഎം ആൻഡ് ബിസി ടാറിംഗിലെ പാളിച്ച നിറഞ്ഞ നവീകരണമാണ്. പാടിമൺ മുതൽ ചെറുകോൽപ്പുഴ വരെയുള്ള 15 . 150കിലോമീറ്റർ ദൂരം നവീകരണത്തിൽ ബാക്കിയാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെറുതും വലുമായ 21 അപകടം ഈ റോഡിലുയുണ്ടായി. കഴിഞ്ഞ ദിവസം ചാലാപ്പള്ളി താളിയാനിപ്പകയിൽ പാടിമൺ സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരാണ് അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. റോഡിലെ കാഴ്ച മറയ്ക്കുന്ന മരങ്ങളും ,കൊടുംവളവുകളിലെ മുന്നറിയിപ്പ് ബോർഡുകളുടെ അപര്യാപ്തതയും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

ഇന്നലെ ചാലാപ്പള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂൺ തകർത്തു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുവനക്കടവ് ചെറുകോൽപുഴ റോഡിൽ താളയാനിയ്ക്കൽ പടിക്കും ഗവ.എൽ.പിസ്കൂളിനും ഇടയിലായി ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. എഴുമറ്റൂർ

ഭാഗത്തുനിന്ന് റാന്നിയിലേക്ക് എത്തിയ വാഹനം പാതയിൽ നിന്ന് തെന്നിമാറി വൈദ്യുതത്തുണിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ നരകത്താനി കണിച്ചാട്ട് ബിജു (58), ലാലി ബിജു (57), ലിസി തോമസ് (67) എന്നിവർ കൊറ്റനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം അപകടം നടന്ന ഭാഗത്തുനിന്നും 50 മീറ്റർ മാത്രം ദൂരത്തിലായിരുന്നുഇന്നലത്തെ സംഭവം.

-----------------------

കാലാവധി കഴിഞ്ഞിട്ടും റോഡിന്റെ നവീകരണം പൂർത്തിയാക്കാൻ അധികൃതർ ഇടപെടൽ നടത്താത്തത് അപകട പരമ്പരയ്ക്ക് കാരണമായി. റോഡിന്റെ നവീകരണം പൂർത്തിയാക്കി സുരക്ഷ ഒരുക്കുന്നതിന് നടപടി സ്വീകരിക്കണം.

ബിജുകുമാർ

പ്രദേശവാസി