മുട്ടത്തുകോണം: ചെന്നീർക്കര പഞ്ചായത്തിലെ വാർഡ് പുനർവിഭജനത്തിൽ അപാകതകൾ ഏറെ. ഒന്നാം വാർഡിലായിരുന്ന ചെന്നീർക്കര എസ്.എൻ.ഡി.പി സ്കൂൾ കെട്ടിടങ്ങൾ പുനർവിഭജനത്തിൽ രണ്ടു വാർഡുകളിലായി. ശാഖാ ഒാഫീസും ഗുരുമന്ദിരങ്ങളും രണ്ടു വാർഡുകളിലായി.

ഹൈസ്കൂൾ, എൽ.പി, അങ്കണവാടി, ഗുരുമന്ദിരം, സ്കൂൾ വാട്ടർ ടാങ്ക് എന്നിവ ഒന്നാം വാർഡിൽ നിലനിറുത്തി. വാർഡിന്റെ പേര് മുട്ടത്തുകോണം എന്നതു മാറ്റി പുല്ലമല എന്നാക്കി.

എസ്.എൻ.ഡി.പി ശാഖാ ഒാഫീസ്, ഹയർസെക്കൻഡറി സ്കൂൾ, ഗ്രൗണ്ട്, പെൺകുട്ടികളുടെ മൂത്രപ്പുര, കിണർ, പോസ്റ്റ് ഒാഫീസ് എന്നിവ പതിനഞ്ചാം വാർഡിലുമായി. നല്ലാനിക്കുന്ന് നോർത്ത് എന്നാണ് ഇൗ വാർഡിന് പേരിട്ടത്. ഒന്നും പതിനഞ്ചും വാർഡുകളായി സ്കൂൾ കെട്ടിടങ്ങൾ വിഭജിക്കപ്പെട്ടത് നടുവിലൂടെ ഒരു വഴി ഉണ്ടെന്നതിനാലാണ്. ഇതു പഞ്ചായത്ത് റോഡായി മാറിയതാണ് കെട്ടിടങ്ങൾ രണ്ടു വാർഡുകളിലാകാൻ കാരണമായി പറയുന്നത്.

അശാസ്ത്രീയമായ വാർഡു വിഭജനം പൊതുജന താൽപ്പര്യം മാനിക്കാതെയാണെന്ന് ആക്ഷേപം ഉയർന്നു. വിദൂര പ്രദേശങ്ങളെയും ഒന്നും പതിനഞ്ചും വാർഡുകളിലേക്ക് കൂട്ടിച്ചേർത്തു.

വാർഡ് വിഭജനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടത്തുകോണത്തെ കോൺഗ്രസ് നേതാക്കളായ എൻ.സജീവ് കുമാർ, പി.ഡി. വിശ്വേശ്വരൻ, തോമസ് മാത്യു, മുൻ പഞ്ചായത്തംഗം ടി.എസ് അമ്മിണി, ഇ. എസ് മാത്യു, റജി വട്ടക്കൂട്ടത്തിൽ, ജയപ്രകാശ്, ചാക്കോ, ജോസ് ടി.ജോർജ് എന്നിവരും മുട്ടത്തുകോണം 80ാം നമ്പർ ശാഖാകമ്മിറ്റി, എസ്.എൻ.ഡി.പി ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങളും ജില്ലാ കളക്ടർക്ക് പരാതി നൽകി.