doli

ശബരിമല : തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാൻ ദേവസ്വം ബോർഡ് ആവിഷ്കരിച്ച പ്രീപെയ്ഡ് ഡോളി സർവീസ് നടപ്പായില്ല. ഡോളി തൊഴിലാളികൾ അമിത കൂലി വാങ്ങുന്നതും മോശമായി പെരുമാറുന്നതും പരാതിക്ക് ഇടയായതോടെയാണ് പ്രീ പെയ്ഡ് ഡോളി കൗണ്ടറുകൾ തുടങ്ങാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസവും ഡോളിക്കാർ തീർത്ഥാടകനോട് മോശമായി പെരുമാറി, വഴിയിൽ ഇറക്കിവിട്ടു. ഇവരെ പിന്നീട് പമ്പ പൊലീസ് അറസ്റ്റുചെയ്തു.

ദേവസ്വം ബോർഡ് അംഗീകരിച്ചിരിക്കുന്ന നിരക്കിൽ തീർത്ഥാടകരെ ഡോളിയിൽ കയറ്റാൻ തൊഴിലാളികൾ തയ്യാറാകാത്തത് പരാതികൾക്ക് കാരണമാകുന്നു. തീർത്ഥാടകന്റെ ഭാരത്തിന് അനുസരിച്ച് ഡോളി നിരക്ക് ഏകോപിപ്പിക്കണമെന്നും തോന്നിയതുപോലെ പണം ഈടാക്കുന്നത് തടയണമെന്നും പല ശബരിമല അവലോകന യോഗങ്ങളിലും നിർദേശം ഉയർന്നിരുന്നു.

യാത്രക്കാരന്റെ ഭാരത്തിന്റെ അടിസ്ഥാനത്തിൽ എ, ബി.സി എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഡോളി നിരക്ക് നിശ്ചയിക്കാൻ എക്സിക്യൂട്ടിവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയതുമാണ്. എന്നാൽ ഒന്നും നടപ്പായില്ല. കഴിഞ്ഞ ദിവസം ശബരിമല എ.ഡി.എം ഡോ.അരുൺ എസ്.നായരുടെ നേതൃത്വത്തിൽ ഡോളി തൊഴിലാളികളുടെ യോഗം വിളിച്ചെങ്കിലും പരാജയപ്പെട്ടു.

ഡോളി സർവീസ്

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് മലകയറ്റുന്നതിനും തിരികെ ഇറക്കുന്നതിനും ചൂരൽ കസേരയിൽ കമ്പുകൾ കെട്ടിവച്ച് നാല് പേർ ചുമന്നുകൊണ്ട് പോകുന്ന സംവിധാനം.

ബോർഡ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്

ഒരു വശത്തേക്ക് : 3250 രൂപ

ഇരുവശങ്ങളിലേക്ക് : 6500 രൂപ

(ഓരോ ട്രിപ്പിനും 250 രൂപ ബോർഡിന് അടയ്ക്കണം)

ട്രിപ്പിന് ഒരാൾക്ക് ആയിരം രൂപ വീതം ലഭിക്കുന്ന രീതിയിൽ കൂലി ഉയർത്തണം. ദേവസ്വം ഫീസ് ഉൾപ്പടെ 4250 രൂപയാക്കുന്ന രീതിയിൽ പരിഷ്കരണം വേണം.

ഡോളി തൊഴിലാളികൾ

ദേവസ്വം ബോർഡിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ദേവസ്വം അധികൃതർ