sabari

ശബരിമല : തോരാമഴയ്ക്ക് ശേഷം ഇന്നലെ മാനം തെളിഞ്ഞതോടെ ശബരിമലയിലേക്ക് വലിയതോതിൽ തീർത്ഥാടകരെത്തി. 75,000ത്തോളം തീർത്ഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്. മഴയും മൂടൽ മഞ്ഞും കാരണം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശരണപാതയിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കി. അതേസമയം കുമളിയിൽ നിന്ന് മുക്കുഴി - സത്രം വഴിയും അഴുതക്കടവ് - പമ്പ വഴിയുമുള്ള പരമ്പരാഗത കാനനപാതയിൽ നിയന്ത്രണങ്ങൾ തുടരും. മൂടൽമഞ്ഞ് ഒഴിയാത്തതാണ് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ പമ്പയിൽ ഏർപ്പെടുത്തിയിരുന്ന വാഹന പാർക്കിംഗ് നിയന്ത്രണങ്ങൾ പിൻവലിച്ചു.

വനത്തിൽ മഴ പെയ്യുന്നതിനാൽ പമ്പാനദിയിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. പമ്പാസ്നാനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്നലെ പിൻവലിച്ചു. ത്രിവേണിയിൽ സംഗമിക്കുന്ന പമ്പ, കക്കി നദികളിലും വലിയത്തോട്ടിലും നീരൊഴുക്ക് ശക്തമാണ്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത. തീർത്ഥാടനകാലം 18 ദിനങ്ങൾ പിന്നിട്ടപ്പോൾ 15 ലക്ഷത്തിൽ അധികം ഭക്തരാണ് മലചവിട്ടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നടവരവിൽ വർദ്ധനവുണ്ട്. അപ്പം, അരവണ എന്നിവയുടെ കരുതൽ ശേഖരവുമുണ്ട്.