
പന്തളം : ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ യു.ഡി.എഫ് പിന്താങ്ങുകയും ഇന്ന് ചർച്ച ചെയ്യാനുമിരിക്കെ, ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു.രമ്യയും രാജിവച്ചു. ഇതോടെ അവിശ്വാസം ചർച്ച ചെയ്യാൻ വിളിച്ച യോഗം റദ്ദാക്കി. ബി.ജെ.പിയിലെ മൂന്ന് കൗൺസിലർമാർ മറുകണ്ടം ചാടുമെന്ന് സൂചന ലഭിച്ചതോടെയാണ് അപ്രതീക്ഷിത രാജി. വ്യക്തിപരമായ അസൗകര്യങ്ങളാലാണ് ഇരുവരും സ്ഥാനമൊഴിഞ്ഞതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പ്രതികരിച്ചു. ബി.ജെ.പി : 18, എൽ.ഡി.എഫ് : 9, യു.ഡി.എഫ് : 5, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. 33 അംഗ കൗൺസിലിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഒരംഗം ഉൾപ്പെടെ ബി.ജെ.പിയിൽ നിന്ന് മൂന്നുപേർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. അവിശ്വാസം വോട്ടിനിട്ടാൽ ബി.ജെ.പിയുടെ അംഗസംഖ്യ 15 ആയി കുറഞ്ഞേക്കുമെന്നും ഭരണം നഷ്ടപ്പെടുമെന്നും ആശങ്കയെ തുടർന്ന് നേതൃത്വം ഇടപെട്ട് രാജിവയ്പ്പിക്കുകയായിരുന്നെന്നും സൂചനയുണ്ട്.
പാലക്കാടും പന്തളവും
സംസ്ഥാനത്ത് പാലക്കാടിന് പുറമേ ബി.ജെ.പി അധികാരത്തിലുളള നഗരസഭയാണ് പന്തളം. ചെയർപേഴ്സണായി സുശീല സന്തോഷിനെ തിരഞ്ഞെടുത്തത് മുതൽ ബി.ജെ.പിയിൽ പടലപ്പിണക്കങ്ങളായിരുന്നു. ചെയർമാനാകുമെന്ന് കരുതപ്പെട്ട മുതിർന്ന അംഗം കെ.വി.പ്രഭയുടെ നേതൃത്വത്തിൽ മറുചേരി ചെയർപേഴ്സണെതിരെ ഒളിഞ്ഞും തെളിഞ്ഞും കരുനീക്കങ്ങൾ നടത്തി. കൗൺസിൽ യോഗത്തിൽ പ്രഭയും ചെയർപേഴ്സണും തമ്മിലുള്ള പോർവിളിയുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. 2018ലെ ശബരിമല പ്രക്ഷോഭമാണ് ബി.ജെ.പിയെ പന്തളത്ത് അധികാരത്തിലെത്തിച്ചത്. എൽ.ഡി.എഫിൽ നിന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു.