 
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ അപസ്മാര ക്ലിനിക്ക് ആരംഭിച്ചു. അപസ്മാരത്തിന് അത്യാധുനിക ചികിത്സാരീതികൾ ഉൾപ്പെടുത്തിയ ക്ലിനിക് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ.ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ് അദ്ധ്യക്ഷയായി. ന്യൂറോളജി വിഭാഗം മേധാവി ഡോ.ജോൺ കെ.ജോൺ, കൺസൾട്ടന്റുമാരായ ഡോ.ജോബൻ ജോൺ, ഡോ.ഹരികൃഷ്ണൻ, ഡോ.ജെറി എം.ജോർജ്, ഡോ.അർച്ചന എം, ചീഫ് നഴ്സിംഗ് ഓഫീസർ, മിനി സാറാതോമസ് എന്നിവർ പ്രസംഗിച്ചു. അപസ്മാര ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഏകദിനശില്പശാലയിൽ അപസ്മാര രോഗനിർണയത്തെ സംബന്ധിച്ച് ബോധവത്കരണം നൽകേണ്ടതിന്റെ ആവശ്യകതയും ചർച്ചകളും വിദഗ്‌ദ്ധർ നയിച്ച ക്ലാസുകളും നടന്നു. ബിലീവേഴ്സ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ തുടർവിദ്യാഭ്യാസ പരമ്പരയായ ന്യൂറോബൈറ്റ്സിന്റെ വേദിയിലാണ് അപസ്മാര ക്ലിനിക് ഉദ്ഘാടനവും അപസ്മാര രോഗ ശിൽപ്പശാലയും നടന്നത്. ഡോ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അപസ്മാരക്ലിനിക് ബുധനാഴ്ച്ചകളിൽ രാവിലെ 8മുതൽ വൈകിട്ട് 4.30വരെ പ്രവർത്തിക്കും.