mala

ശബരിമല : ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും വ്യാജരേഖകളുമായി തമ്പടിക്കുന്ന ഇതര സംസ്ഥാനക്കാരെ കുടുക്കാൻ പ്രത്യേക പൊലീസ് സംഘം രംഗത്ത്. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകളുമായാണ് ജോലിക്കെന്ന പേരിൽ പലരും എത്തുന്നത്. തമിഴ്നാട്ടിലെ കമ്പം , തേനി, പുളിക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നും ആന്ധ്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് ഇത്തരത്തിൽ എത്തുന്നത്.

നടപടി തുടങ്ങി

പൊലീസിന്റെ പ്രത്യേകസംഘത്തിന് പുറമെ ഇന്റലിജൻസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടകളിലും ദേവസ്വം ബോർഡിന്റെ കീഴിൽ ദിവസ വേതന അടിസ്ഥാനത്തിലും ജോലി ചെയ്യുന്നതുമായ ഇതരസംസ്ഥാനക്കാരെ ഷാഡോ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

വ്യാജ രേഖക്കാർ നിരവധി

തീർത്ഥാടനം തുടങ്ങി കഴിഞ്ഞ 18 ദിവസങ്ങൾക്കുള്ളിൽ നിരവധി ആളുകളിൽ നിന്ന് വ്യാജരേഖകൾ കണ്ടെത്തി. ഇത്തരത്തിൽ മടക്കി അയയ്ക്കപ്പെടുന്നവർ വനത്തിൽ തമ്പടിക്കുന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് വിവിധ സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ ഉൾവനത്തിനുള്ളിൽ കോമ്പിംഗ് ഓപ്പറേഷൻ നടത്താനും പദ്ധതി തയ്യാറാക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജരേഖകളുമായി

എത്തുന്നവർ ജോലി ചെയ്യുന്നതിനുള്ള തിരിച്ചറിയൽ കാർഡിനായി അധികൃതരെ സമീപിക്കുമ്പോഴാണ് കള്ളത്തരം വെളിച്ചത്താകുന്നത്.

ജോലിക്കാരിലും പകരക്കാർ

സീസൺ തുടങ്ങിയപ്പോൾ ദേവസ്വം ബോർഡിൽ നിന്ന് തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയ മിക്കവരും ഇപ്പോൾ പമ്പ മുതൽ സന്നിധാനം വരെയുള്ള ഭാഗങ്ങളിൽ ഇല്ലെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മിക്കവർക്കും പകരക്കാരാണ് ഇപ്പോൾ ജോലിയിലുള്ളത്. തിരിച്ചറിയൽ രേഖകളില്ലാത്തവരും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.