മല്ലപ്പള്ളി : കോടികൾ ചെലവഴിച്ച് നിർമ്മിച്ച റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. ആശങ്കയിൽ നാട്ടുകാർ.
ഒന്നാംഘട്ട ടാറിംഗ് പാടിമൺ വരെ നടത്തിയ പൂവനക്കടവ്-ചെറുകോൽപ്പുഴ , പുല്ലാട് റോഡ്, മല്ലപ്പള്ളി പഞ്ചായത്തുപടി - പരിയാരം , പടുതോട് - തുണ്ടിയംകുളം എന്നീ റോഡുകളിലാണ് ഓടയ്ക്ക് മുകളിലൂടെയും റോഡിലൂടെയും വെള്ളം ഒഴുകുന്നത്. പഴയ കലുങ്കുകൾ നവീകരിച്ചെങ്കിലും ഓട വൃത്തിയാക്കാൻ അധികൃതർ തയാറായില്ല. റോഡ് മെച്ചപ്പെടുത്തുന്നതിനും ഓട നിർമ്മാണത്തിനും പദ്ധതി വിഭാവനം ചെയ്ത് പണികൾ പൂർത്തിയാക്കിയെങ്കിലും പൂർണ്ണതോതിൽ പ്രവർത്തികൾ നടക്കാത്തതിനാൽ റോഡ് പഴയ സ്ഥിതിയിലാകുമെന്ന പരാതിയും നില നിൽക്കുന്നു. മഴക്കാലത്ത് റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ടാണ് തകർച്ചയ്ക്ക് കാരണമാകുന്നത്.വെള്ളക്കെട്ട് രൂക്ഷമാകുന്ന ഭാഗങ്ങളിൽ നിർമ്മാണത്തിലെ അശാസ്ത്രീയത വെളിവാക്കുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. റോഡിലൂടെ വെള്ളം പരന്നൊഴുകുന്നതിനാൽ ഇരുചക്ര വാഹന യാത്രികർക്കും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ ചെറിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ദേഹത്ത് വെള്ളം തെറിച്ചു വീഴുന്നതും പതിവാണ്. പരിയാരം റോഡിൽ മല്ലപ്പള്ളി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നിലെ കൊടുംവളവുകളിൽ ഓട നിർമ്മിച്ചെങ്കിലും റോഡിലൂടെയാണ് നീരൊഴുക്ക്. പുല്ലാട് റോഡിൽ നെയ്തേലിപ്പടി, പൂവത്തിളപ്പ് സെന്റ് തോമസ് സ്കൂൾപ്പടി എന്നിവിടങ്ങളിലാണ് റോഡിലൂടെ വെള്ളം ഒഴുകുന്നത്. ചെറുകോൽപ്പുഴ റോഡിൽ ചേർത്തോടിനും പൗവ്വത്തിപ്പടി ഇടയിൽ 5 ഇടങ്ങളിലാണ്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അധികൃതർ തുടർനടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
.......................
പാതയിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനട യാത്രികർക്കും ഒരുപോലെ ഭീഷണിയാവുകയാണ്.വെള്ളക്കെട്ട് മറികടന്ന് എത്തുന്ന ഇരുചക്രവാഹനക്കാർ പലപ്പോഴും തല നാരിഴയ്ക്കാണ് രക്ഷപ്പെടാറുള്ളത്. പ്രദേശത്തെപ്പറ്റി പഠനം നടത്താതെ പദ്ധതി ആവിഷ്കരിച്ചതാണ് യാത്രാദുരിതത്തിന് ഇടയാക്കുന്നത്.
ചോതിഷ് കുമാർ
(ടാക്സി ഡ്രൈവർ)
.............
5 ഇടങ്ങളിൽ വെള്ളക്കെട്ട്