
ശബരിമല : സന്നിധാനത്തെത്തുന്ന തീർത്ഥാടകർക്കും ജീവനക്കാർക്കും ആശ്വാസമാണ് സന്നിധാനം സർക്കാർ ആശുപത്രി. ഇതുവരെ 23,208 പേരാണ് ഇന്നലെ വരെ ഇവിടെ ചികിത്സതേടി എത്തിയത്. ഹൃദ്രോഗത്തിനടക്കം സൗജന്യചികിത്സയാണ് ലഭ്യമാക്കുന്നത്. ദിവസം ശരാശരി ആയിരത്തിലധികം പേർ ചികിത്സതേടിയെത്തുന്നുണ്ട്. ഒരേ സമയം പത്തു ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, സർജൻ, പൾമനോളജിസ്റ്റ്, ഫിസിഷ്യൻ, ഓർത്തോ, അനസ്തീഷ്യ, ജനറൽ ഡോക്ടർമാരുടെ സേവനവുമുണ്ട്.
29 പാരാമെഡിക്കൽ ജീവനക്കാരാണ് ജോലിയിലുള്ളത്. ആറു കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും ആറു കിടക്കകളുള്ള നിരീക്ഷണ വാർഡുമുണ്ട്. ചെറിയ ശസ്ത്രക്രിയകൾ നടത്താനുള്ള തിയേറ്ററും സജ്ജമാണ്. നഴ്‌സിന്റെ സേവനം ലഭ്യമാകുന്ന ആംബുലൻസും ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഹൃദയാഘാതമുണ്ടായാൽ ചികിത്സനൽകാനുള്ള സൗകര്യവും പാമ്പുകടിയേറ്റവർക്ക് നൽകാനുള്ള ആന്റീവെനവും ഇവിടുണ്ട്.
ദിവസേന ചികിത്സ തേടുന്നത് : ആയിരത്തോളം പേർ.
ഡോക്ടർമാർ : 10
നഴ്സിംഗ് ഓഫീസർമാർ : 7
നഴ്സിംഗ് അസിസ്റ്റന്റ് : 5
ഫാർമസിസ്റ്റ് : 2
ലാബ് ടെക്നിഷ്യൻ : 2
ഏത് അടിയന്തരസാഹചര്യത്തെയും നേരിടാൻ 24 മണിക്കൂറും ആശുപത്രി സജ്ജമാണ്. നീലിമലയിലും അപ്പാച്ചിമേടിലും കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. നാലു ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്.
ഡോ.അനീഷ് കെ.സോമൻ
(മെഡിക്കൽ ഓഫീസർ)