പന്തളം : ചെയർപേഴ്സണും വൈസ് പെയർപേഴ്സണും രാജി വച്ച പന്തളം നഗരസഭയിൽ ഇടഞ്ഞവരെ അനുനയിപ്പിച്ച് ഭരണം നിലനിറുത്താൻ ബി.ജെ.പി ശ്രമം തുടങ്ങി. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയനീക്കത്തെ തുടർന്നാണ് ഇരുവരും രാജി വച്ചത്.

പ്രമേയം ചർച്ചചെയ്യാൻ വിളിച്ച യോഗത്തിന്റെ തലേന്നായിരുന്നു രാജി .

ഇന്നലെ എൽ.ഡി.എഫ്. യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിനെത്തി . ഉൾപ്പോര് രൂക്ഷമായതോടെ സസ്പെൻഡ് ചെയ്ത കൗൺസിലർ ഉൾപ്പെടെയുള്ള ബി.ജെ.പി അംഗങ്ങളും സ്വതന്ത്രാംഗവും വന്നില്ല. രാജിയുടെ പശ്ചാത്തലത്തിൽ അവിശ്വാസ ചർച്ചയോ വോട്ടെടുപ്പോ ആവശ്യമില്ലെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.എസ് നൈസാം അറിയിച്ചു.പുതിയ ചെയർമാനെയും ചെയർപേഴ്സനെയും തിരഞ്ഞെടുക്കാൻ പതിനഞ്ച് ദിവസത്തിനുള്ളിൽ നോട്ടീസ് നൽകും.

രാജി വച്ചവർക്ക് പകരം സ്ഥാനാർത്ഥികൾ ആരാകുമെന്നത് സംബന്ധിച്ച് അണിയറ ചർച്ചകൾ ആരംഭിച്ചു. ബെന്നി മാത്യുവിനെ ചെയർമാൻ സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നുണ്ട്. പരിഗണിക്കുന്ന മറ്റൊരു അംഗം അച്ചൻകുഞ്ഞ് ജോൺ ശാരീരിക അവശതകൾ കാരണം ഒഴിവാകുമെന്ന് സൂചനയുണ്ട്. സസ്പെൻഷൻ പിൻവലിച്ച് കെ.വി പ്രഭയെ വൈസ് ചെയർമാനാക്കാനും ആലോചനയുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും സ്വതന്ത്രാംഗം രാധാകൃഷ്ണനുണ്ണിത്താനെയോ ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുന്ന കെ.വി പ്രഭയെയോ ചെയർമാൻ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചനയുണ്ട്.