madaveeezcha
വേളൂർമുണ്ടകം പാടത്തെ മടവീഴ്ച

തിരുവല്ല : ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ അഞ്ചടി വേളൂർ മുണ്ടകം പാടശേഖരത്തിൽ മടവീണ് കൃഷിനാശം സംഭവിച്ചു. ഒരാഴ്ച മുമ്പ് നെൽകൃഷി ചെയ്യാൻ വിത്ത് വിതച്ച പാടത്താണ് കനത്തമഴയെ തുടർന്ന് മടവീഴ്ച ഉണ്ടായത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വേളൂർ മുണ്ടകം പാടത്തിന്റെ പായിപ്പാട് പഞ്ചായത്ത് പ്രദേശത്താണ് ഇന്നലെ പുലർച്ചെ വലിയ മടവീഴ്ച സംഭവിച്ചത്.

പത്തനംതിട്ട ജില്ലയിലെ 200 ഹെക്ടറോളം ഭാഗത്താണ് ഇരുനൂറിലധികം കർഷകർ കൃഷി ചെയ്യുന്നത്. മടവീണ് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുമ്പോൾ സമീപത്തെ മറ്റു പാടങ്ങളിലേക്കും വെള്ളം എത്താനുള്ള സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ വീണ്ടും തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഈ സീസണിൽ അപ്രതീക്ഷിതമായുണ്ടായ മഴ ഉണ്ടാക്കിയത് കനത്ത നാശമാണ്. പെരിങ്ങര, കവിയൂർ പഞ്ചായത്തുകളിലെ 11 പാടശേഖരങ്ങളിലെ നൂറുകണക്കിന് കർഷകർക്ക് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വിതച്ച വിത്തും ഒഴുകിപ്പോയിരുന്നു. പത്ത് ദിവസത്തിനിടെ വിത നടത്തിയ കർഷകരെയാണ് കനത്തമഴയിൽ കൃഷിനാശം ബാധിച്ചത്. വിതച്ച് കുറച്ചു ദിവസം മാത്രമേ ആയിട്ടുള്ളതിനാൽ ഇൻഷുറൻസിന്റെ പരിരക്ഷയും ലഭിക്കില്ലെന്ന് കർഷകർ പറഞ്ഞു. ഈ സീസണിൽ ആദ്യം ലഭിച്ച വിത്ത് മുളയ്ക്കാതിരുന്നതാണ് ഇത്തവണ കൃഷി വൈകാൻ കാരണമായത്. രണ്ടാമത് മണ്ണുത്തിയിൽ നിന്ന് ലഭിച്ച ജ്യോതി വിത്ത് വിതച്ച കർഷകരാണ് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നത്.

കർഷകർക്ക് വീണ്ടും വിത്ത് നൽകാൻ നടപടി

മാത്യു ടി. തോമസ് എം.എൽ.എയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൃഷിനാശം സംഭവിച്ച കർഷകരുമായി ആശയവിനിമയം നടത്തി. കൃഷിനാശം സംഭവിച്ച കർഷകർക്ക് വീണ്ടും സൗജന്യമായി വിത്ത് നൽകാനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച കർഷകരുടെ യോഗം വിളിച്ചു ചേർത്ത് തീരുമാനം കൈക്കൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് പറഞ്ഞു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഐവി കോശി, ഡെപ്യൂട്ടി ഡയറക്ടർമാരായ ജോജി മറിയം ജോർജ്, മേരി കെ.അലക്സ്, അസി. ഡയറക്ടർ ജാനറ്റ് ദാനിയേൽ, കൃഷി ഓഫീസർ അഞ്ജു മറിയം ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ ശാന്തമ്മ ആർ.നായർ, റിക്കുമോനി എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

.............................................

നിറഞ്ഞു കിടക്കുന്ന പാടത്തെ വെള്ളം വറ്റിച്ച് വീണ്ടും കൃഷി ചെയ്യാൻ ഇനിയും ഒരുമാസത്തോളം വേണ്ടിവരും. ബലക്ഷയമുള്ള ബണ്ടുകൾ വീണ്ടും ഭീഷണിയാണ്. പാടത്തെ ബണ്ട് ബലപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണം.
അനുരാജ്, ഗോവിന്ദൻ
(കൃഷിനാശം സംഭവിച്ച കർഷകർ )

.............

മടവീഴ്ചയുണ്ടയത് പായിപ്പാട് പഞ്ചായത്തിൽ

...........

കോട്ടയം -പത്തനംതിട്ട ജില്ലകളിയായി

600 ഹെക്ടർ

............

ജില്ലയിൽ 200 ഹെക്ടറോളം ഭാഗത്ത് 200കർഷകർ കൃഷി ചെയ്യുന്നു