paruva

വെച്ചൂച്ചിറ: പമ്പാനദിയിലെ പരുവ ഭാഗത്തുള്ള തുരുത്തിൽ വിനോദ സഞ്ചാരത്തിന് സാദ്ധ്യതയേറെ. മാലി ദ്വീപ്

എന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന തുരുത്തിന്റെ നാല് വശവും പമ്പാനദിയാണ്. രണ്ട് ഏക്കറോളം വിസ്തീർണമുണ്ട്. പ്രളയത്തിന് ശേഷം തുരുത്തിന്റെ വിസ്തീർണം വർദ്ധിച്ചിട്ടുണ്ട്. തരിമണലും വിവിധ വൃക്ഷങ്ങളും ചെടികളും ഒക്കെയുള്ള തുരുത്ത് പെരുന്തേനരുവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സമയം ചിലവിടാൻ പറ്റിയ ഇടമാണ്. ഈറ്റ ഇടതൂർന്ന് വളർന്നുനിൽക്കുന്നു. തെങ്ങ് ഉൾപ്പെടെയുള്ള വൃക്ഷങ്ങളും തണലേകുന്നു. ഈറ്റയിലും മറ്റും കാട്ടുകോഴികളെ കാണാം. അപൂർവ സമയങ്ങളിൽ നദികടന്ന് തുരുത്തിൽ കാട്ടുപോത്തും ആനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. ഈ തുരുത്തിന് അടുത്താണ് പരുവ മഹാദേവ ക്ഷേത്ര ആറാട്ടുകടവ്. പെരുന്തേനരുവിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പുതിയതായി സ്ഥാപിച്ചിട്ടുള്ള കോവേണി ഇറങ്ങി നടന്ന് തുരുത്തിന് അടുത്തെത്താം. വെള്ളം കൂടുതലുള്ളപ്പോൾ നദി കടക്കാൻ പ്രയാസമാണ്.

പാർക്കായി മാറ്റണം

തുരുത്ത് പാർക്ക് രൂപത്തിലേക്ക് മാറ്റിയാൽ വിനോദസഞ്ചാരികൾക്ക് പ്രയോജനകരമാകും. ഇതിനായി സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. തുരുത്ത് വർഷങ്ങളോളം സ്വകാര്യ വ്യക്തി കൃഷി ചെയ്തുവരികയായിരുന്നു. പത്ത് വർഷത്തിലേറെയായി തുരുത്ത് റവന്യു വിഭാഗം ഏറ്റെടുത്തിട്ട്. ഉച്ചസമയത്തും നല്ല കാറ്റ് കിട്ടുന്ന സ്ഥലമാണ് തുരുത്ത്. കാടിന്റെ കുളിർമ്മയും ഭംഗിയും ആസ്വദിക്കാം.തുരുത്തിന്റെ അക്കരെ വനത്തോട് ചേർന്ന ഭാഗത്ത് ഈറ്റക്കാടുകളിൽ പഴയ കടുവാ താര ഉണ്ടെന്ന് ആദിവാസി വിഭാഗത്തിലെ മുതിർന്നവർ പറയുന്നു. തുരുത്തിൽ ചില സീസണുകളിൽ പക്ഷികളും തുമ്പിയും പൂമ്പാറ്റയുമൊക്കെ കൂട്ടത്തോടെയെത്തും.

------------------


അത്തിക്കയം- കടുമീൻചിറ- പരുവ നവോദയ റോഡിൽ പരുവ മഹാദേവ ക്ഷേത്രത്തിന് താഴെയുള്ള മധുപടിയിൽ നിന്ന് 100 മീറ്റർ സഞ്ചരിച്ചാൽ തുരുത്തിന് അടുത്തെത്താം.

---------------
# തുരുത്തിന് 2 ഏക്കർ വിസ്തീർണം

--------------------

'' തുരുത്തിന്റെ സ്വാഭാവിക ഭംഗിക്ക് കോട്ടം തട്ടാത്ത രീതിയിൽ വിനോദ സഞ്ചാര പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. കട്ടിക്കൽ അരുവിക്ക് സമീപം മിനി ഡാം പണിത് തുരുത്തിനെയും ഉൾപ്പെടുത്തി വിശാല വിനോദ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം.

നാട്ടുകാർ