ശബരിമല: സോപാന സംഗീതത്തിന്റെ വിശുദ്ധിയിൽ നിറയുകയാണ് സന്നിധാനം. ഉഷ:പൂജയ്ക്കും ഉച്ചപൂജയ്ക്കും ദീപാരാധനയ്ക്കും അത്താഴപൂജയ്ക്കുമായി നടയടയ്ക്കുമ്പോഴാണ് പാണികൊട്ടുകാരുടെ സോപാന സംഗീതം . ത്യാണി പാടി ഇടയ്ക്കയ്ക്ക് കൂറുകൊട്ടിയാണ് അഷ്ടപദിയും കീർത്തനങ്ങളും പാടുന്നത്. ഉഷ:പൂജയ്ക്ക് ദേശാക്ഷി രാഗത്തിലും ഉച്ച പൂജയ്ക്ക് മലഹരി രാഗത്തിലും അത്താഴപൂജയ്ക്ക് ഭവുളി രാഗത്തിലും എതിർത്ത് പൂജയ്ക്ക് ശ്രീകണ്ഠീയ രാഗത്തിലുമാണ് പാടുന്നത്.
പിഴയ്ക്കാതെ വേണം മരപ്പാണി കൊട്ടാൻ. ഭഗവാന്റെ ചൈതന്യം ശ്രീകോവിലിനുള്ളിൽ നിന്ന് ഭൂതഗണങ്ങളുടെ അടുത്തേക്കും ബലിയിലേക്കും വ്യാപിപ്പിക്കാനുള്ള അനുമതി തേടലാണ് മരപ്പാണി കൊട്ട്. കലശത്തിനും കളഭത്തിനും മുമ്പാണ് ശബരിമലയിൽ മരപ്പാണി കൊട്ടുക. സാധാരണ വാദ്യോപകരണങ്ങൾ കൊട്ടുന്നതുപോലെയല്ല പാണി കൊട്ടുന്നത്. അനുഷ്ഠാനബദ്ധമായ വാദ്യമാണിത്. പാണികൊട്ടാൻ വ്രതവും ഏകാഗ്രതയും ശുദ്ധിയും വേണം. ചേങ്ങിലയും മരവും ശംഖുമാണ് വാദ്യത്തിന് ഉപയോഗിക്കുന്നത്. ചെണ്ടയും മദ്ദളവും ചേർന്ന രൂപമാണ് മരം. വരിക്കപ്ലാവിന്റെ കുറ്റിയിൽ പശുവിന്റെ തോൽ കെട്ടിയാണ് നിർമ്മാണം. ഓരോ പാണികൊട്ടിനും മുമ്പ് പുതിയ മരം എന്ന സങ്കൽപത്തിൽ പുതുവസ്ത്രം ചുറ്റും.
53 അക്ഷരകാലം
പാണി കൊട്ടുമ്പോൾ മാരാരും കൂടെയുള്ളവരും കുളി കഴിഞ്ഞ് ഭസ്മം പൂശി പുതുവസ്ത്രത്താൽ തറ്റുടുത്ത് ഉത്തരീയം ഇടണം. കൊട്ടാൻ തുടങ്ങുന്നതിനു മുമ്പ് വിളക്കിനു മുന്നിൽ നിറപറയും ഗണപതിയൊരുക്കും ദക്ഷിണയും വയ്ക്കും. മേൽശാന്തി നിറപറയ്ക്കു മുന്നിലെ നിലവിളക്ക് കൊളുത്തും. പിന്നെ മാരാർ തന്ത്റിയോട് മൂന്നു വട്ടം അനുവാദം ചോദിക്കും. തുടർന്ന് മൂന്നുതവണ ശംഖൂതും. തുടർന്നാണ് പാണി തുടങ്ങുക. മൂന്നു ത തോം, നാല് ത തതോം എന്ന രീതിയിലാണ് കൊട്ടുന്നത്. 53 അക്ഷര കാലമാണ് കൊട്ടുക. നാലു ചെമ്പടയിൽ ഒരടി എന്ന നിലയിലാണ് കൊട്ടൽ. ഒരു ചെമ്പടയിൽ എട്ട് അക്ഷരംവരും. 32 അക്ഷര കാലമാണ് ഒരടി. എണ്ണം കൂടിയാലും കുറയാൻ പാടില്ല. മൂന്നുവട്ടം ശംഖൂതിയാണ് മരപ്പാണി കൊട്ട് അവസാനിക്കുക.
------------------
'മതികാല മുടിതന്നിൽ മേവിത,
മാതംഗ മുഖ നാഗഭൂക്ഷണ,
മതി തന്നിൽ നിനച്ചൻപിന്,
നിൻപദം ഇതകനിവോടും കൂപ്പുന്നേൻ ജയ...