s

ശബരിമല : മലകയറി എത്തുന്നവരുടെ ദാഹവും വിശപ്പുമകറ്റാൻ ദേവസ്വം ബോർഡ് തയ്യാറാക്കിയിരിക്കുന്ന ചുക്കുവെള്ളത്തിന്റെയും ബിസ്കറ്റിന്റയും വിതരണം തീർത്ഥാടകർക്ക് ആശ്വാസമാകുന്നു. തീർത്ഥാടന പാതയിലെ 73 കേന്ദ്രങ്ങളിലായി ദിവസേന 4.5 ലക്ഷം ബിസ്കറ്റുകളും 20,000 ലിറ്റർ ചുക്കുവെള്ളവുമാണ് വിതരണം ചെയ്യുന്നത്. മണ്ഡലകാലം പകുതി പിന്നിടുമ്പോൾ 85 ലക്ഷത്തോളം ബിസ്കറ്റുകൾ വിതരണം ചെയ്തതായും ഈ തീർത്ഥാടന കാലത്ത് രണ്ടുകോടി ബിസ്കറ്റുകൾ വിതരണം ചെയ്യുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പറഞ്ഞു.

ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത് തിളപ്പിച്ചാണ് പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കുവെള്ളം തയ്യാറാക്കുന്നതെന്നും വൃത്തിയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നുണ്ടെന്നും കുടിവെള്ള വിതരണം സ്പെഷ്യൽ ഓഫീസർ ജി .പി. പ്രവീൺ പറഞ്ഞു. പുതിയതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്.

തീർത്ഥാടകർക്ക് വെള്ളം ശേഖരിക്കാൻ ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് വരെ 44 ടാപ്പുകൾ സജ്ജമാക്കിയിട്ടുണ്ട് . നടപ്പന്തലിൽമാത്രം 27 ടാപ്പുകളിലും വലിയ നടപ്പന്തലിൽ അഞ്ച് ട്രോളികളിലും ദിവസം മുഴുവനും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട് . 614 താത്കാലിക ജീവനക്കാരെയാണ് ഇതിനായി നിയമിച്ചത്.