pump-house
തിരുവല്ലയിൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ തകരാർ പരിഹരിക്കുന്നു

തിരുവല്ല : വാട്ടർ അതോറിറ്റിയുടെ തിരുവല്ല ഡിവിഷനിലെ പമ്പ് ഹൗസിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് മുടങ്ങിയ പമ്പിംഗ് ജോലികൾ പുനരാരംഭിച്ചു. പമ്പ് ഹൗസിലെ വൈദ്യുതി സംബന്ധമായ സാങ്കേതിക തകരാറുകൾ ദ്രുതഗതിയിൽ പരിഹരിച്ച് ഇന്നലെ പുലർച്ചെ മുതൽ പമ്പിംഗ് സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് പുതിയ കേബിളുകൾ എത്തിച്ചാണ് തകരാർ പരിഹരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ഷോർട്ട് സർക്യുട്ടിനെ തുടർന്ന് തീപിടിച്ച് നിരവധി കേബിളുകൾ കത്തിനശിച്ചത്. ഡിവിഷൻ വളപ്പിലെ ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള ഓൾഡ് കുട്ടനാട് പമ്പ് ഹൗസിൽ വെള്ളം പമ്പ് ചെയ്യുന്നതിനിടെയായിരുന്നു തീപിടിത്തം. ഇതേതുടർന്ന് തിരുവല്ല നഗരസഭ, കവിയൂർ, കുന്നന്താനം, പെരിങ്ങര, നെടുമ്പ്രം, കോട്ടയം ജില്ലയിലെ ചങ്ങനാശേരി നഗരസഭ, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, ആലപ്പുഴ ജില്ലകളിലെ എടത്വ, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണവും നിലച്ചിരുന്നു. ആകസ്മികമായുണ്ടായ തീപിടിത്തത്തിൽ നാളെ വരെ പമ്പിംഗ് മുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വേഗത്തിൽ തകരാർ കണ്ടെത്തി ജോലികൾ പൂർത്തിയാക്കാൻ സാധിച്ചതായി വാട്ടർ അതോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിനിയർ വത്സലകുമാരി പറഞ്ഞു.