പത്തനംതിട്ട: ആധുനിക രീതിയിൽ നവീകരിച്ച പുനലൂർ - മൂവാറ്റുപുഴ (പി.എം) റോഡിൽ അപകടം ഒഴിയാത്ത ദിവസങ്ങളില്ല. ശബരിമല തീർത്ഥാടനം തുടങ്ങിയതോടെ അന്യസംസ്ഥാനക്കാർ അടക്കമുള്ള ഭക്തരുടെ വാഹനങ്ങളും അപകടത്തിൽപ്പെടുന്നു. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് പി.എം റോഡിനെ ചോരപ്പുഴയാക്കുന്നതെന്ന് ആക്ഷേപം ശക്തമായിട്ടും അധികൃതർ അനങ്ങാപ്പാറ നയത്തിലാണ്.

ഇന്നലെ ആന്ധ്ര സ്വദേശികളായ അയ്യപ്പഭക്തരുടെ കാർ നിയന്ത്രണം വിട്ടു സ്വകാര്യ ബസിലും ഓട്ടോറിക്ഷയിലും ഇടിച്ചു മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു. അമിത വേഗതയിൽ കാർ വരുന്നത് കണ്ട്ബസ് വശത്തേക്ക് ഒതുക്കി നിറുത്തിയതിനാൽ ഇടിയുടെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞു. ആളപായം ഒഴിവാകുകയും ചെയ്തു. ഞായറാഴ്ച കലഞ്ഞൂരിൽ കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ച് രോഗിയടക്കം എട്ടുപേർക്ക് പരിക്കേറ്റു. കലഞ്ഞൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. ഹൃദ്രോഗിയുമായി കോന്നിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പാേയ ആംബുലൻസും എതിർദിശയിൽ പത്തനംതിട്ടയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയിൽ ബസിന്റെ നിയന്ത്രണം തെറ്റിയതാണ് അപകട കാരണമായി പറയുന്നത്.വെള്ളിയാഴ്ച ആന്ധ്ര, തമിഴ്നാട് അയ്യപ്പഭക്തരുടെ കാറുകൾ നിയന്ത്രണം വിട്ട് ഇടിച്ചത് മൈലപ്രയിലാണ്. വ്യാഴാഴ്ച മല്ലശേരിമുക്കിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.

ഉന്നത നിലവാരത്തിൽ നവീകരിച്ച പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ തുടരെത്തുടരെയാണ് അപകടങ്ങൾ. വളവുകൾ നിവർത്താതെയുള്ള അശാസ്ത്രീയ നിർമ്മാണം അപകടത്തിന് ഇടയാക്കുമെന്ന് തുടക്കം മുതലേ പരാതികൾ ഉയർന്നിരുന്നു.

പരിക്കേറ്റ് ചോര വാർന്ന നിരവധിയാളുകളെ നാട്ടുകാരും വ്യാപാരികളും ചേർന്ന് ആശുപത്രിയിലാക്കുന്നു. ചിലർ ചലനമറ്റു പോകുന്നു. മറ്റു ചിലർ അംഗവൈകല്യത്തോടെ ജീവിക്കുന്നു.

പുനലൂർ-മൂവാറ്റുപുഴ പാത ഏറ്റവും അധികം അപകടം നടക്കുന്ന സ്ഥലങ്ങൾ: മുറിഞ്ഞകൽ ഭാഗത്ത്. ഇഞ്ചപ്പാറ, വകയാർ, കോന്നി, ചിറ്റൂർമുക്ക്, ഇളകൊള്ളൂർ, മല്ലശേരിമുക്ക്, മണ്ണാറക്കുളഞ്ഞി, മൈലപ്ര, ഉതിമൂട്, മൂഴിയാർ ജംഗ്ഷനുകൾക്കു മധ്യേയുള്ള വെളിവയല്പടിയിലെ കൊടുംവളവ്, ബ്ലോക്കുപടി, മാമുക്ക്, ചെത്തോങ്കര, ചേത്തയ്ക്കൽ, തിരുവല്ല റോഡ് ചേരുന്ന മാമുക്ക്, തോട്ടമണ്ണിലെ എസ് വളവ്.

# പി.എം റോഡ് ആകെ ദൂരം 153.6 കിലോമീറ്റർ

# ജില്ലിയിലെ 45 കിലോമീറ്റർ അപകടമേഖല