jadha
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റും വിദ്യാഭ്യാസജാഥാ ക്യാപ്റ്റനുമായ ടി.കെ മീരാഭായി സ്വീകരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവല്ല : ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോകുട്ടിയുടെയും അവകാശം എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ ജാഥകൾക്ക് ജില്ലയിൽ തുടക്കമായി. രണ്ട് ദിവസങ്ങളായി 22കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും. പരുമലയിൽ നിന്നാരംഭിച്ച ആദ്യജാഥയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം മായാ അനിൽകുമാർ നിർവഹിച്ചു. മാറുന്ന ലോകസാഹചര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ ഗുണനിലവാരം സംബന്ധിച്ച കാഴ്ചപ്പാടുകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ പൊതുസമൂഹവുമായി പങ്കുവെയ്ക്കുകയും പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ ഗുണതയിലേക്ക് എത്തിച്ചേരാനുള്ള നിർദ്ദേശങ്ങൾ രൂപീകരിച്ച് ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയുമാണ് ജാഥയുടെ മുഖ്യലക്ഷ്യം. ഈവർഷം എട്ടാംക്ലാസ് പരീക്ഷയിൽ നടപ്പാക്കുന്ന സബ്ജക്ട് മിനിമം സമ്പ്രദായത്തിലൂടെ വിദ്യാഭ്യാസ ഗുണത ഉയർത്താൻ കഴിയില്ലെന്നും പ്രഥമ പരിഗണന നൽകേണ്ടവിഷയം അതല്ലെന്നും പരിഷത്ത് അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള വിവിധ പ്രവർത്തന പരിപാടികൾ ഉൾക്കൊള്ളുന്ന നിവേദനം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് പരിഷത്ത് ഭാരവാഹികൾ കൈമാറും.
ജാഥാക്യാപ്റ്റനും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ ടി.കെ.മീരാഭായി, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ജി.സ്റ്റാലിൻ, ജോജി കൂട്ടുമ്മൽ, ദീപു ബാലൻ. ജില്ലാസെക്രട്ടറി കെ.രമേശ് ചന്ദ്രൻ, ജില്ലാവിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ, ജില്ലാക്കമ്മിറ്റി അംഗങ്ങളായ വി.കെ.മിനികുമാരി, ബെന്നി മാത്യു, മേഖലാസെക്രട്ടറി അജി തമ്പാൻ, പ്രസിഡന്റ്ഡോ.കെ.ഷീജ, ജനപ്രതിനിധി ഷിജ കരിമ്പിൻകാല, രജനി ഗോപാൽ, ജാസ്മിൻ ബിനോജ് എന്നിവർ സംസാരിച്ചു.