പത്തനംതിട്ട: മൈലപ്ര പള്ളിപ്പിടിക്ക് സമീപം ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിലും ഒാട്ടോറിക്ഷയിലും ഇടിച്ച് 11 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ കാർ വരുന്നത് കണ്ട് ബസ് വശത്തേക്ക് ഒതുക്കിനിറുത്തി. ബസിൽ വന്നിടിച്ച് കറങ്ങിയ കാർ പിന്നാലെ വന്ന ഒാട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. ബസിന്റെ ഡ്രൈവർ വശത്തെ ബോഡി ഇളകിപ്പോയി. ഒാട്ടോറിക്ഷ തലകീഴായി മറിഞ്ഞു.
ബസിലും ഒട്ടോറിക്ഷയിലും സഞ്ചരിച്ച ശോഭന കുമാരി, അനിത ജോൺ, മോളി ജോൺ, ലക്ഷ്മി, ലീല, അച്യുതൻ, സതീഷ് കുമാർ കാറിലുണ്ടായിരുന്ന ആന്ധ്ര അന്നമയ ജില്ലയിലെ ഹസനാപുരം സ്വദേശികളായ സുബ്ബറായിഡു, വെങ്കിട്ട കൃഷ്ണ, സോമനാഥ സിൻഹ, രവീന്ദ്ര എന്നിവർക്ക് നിസാര പരിക്കേറ്റു
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കാറിലെ ഡീസൽ ചോർന്ന് റോഡിൽ ഒഴുകിപ്പരന്നത് ഫയർഫോഴ്സ് വെള്ളം ഒഴിച്ച് നീക്കി.