തിരുവല്ല : വെൺപാല കദളിമംഗലം ദേവിക്ഷേത്രത്തിൽ തരിശായി കിടക്കുന്ന സ്ഥലത്ത് കദളീവനം പൂങ്കാവനം പദ്ധതി ഒരുങ്ങുന്നു. ക്ഷേത്രത്തിലെ പൂജകൾക്ക് ആവശ്യമായ തെച്ചി, കുറ്റിമുല്ല , തുളസി എന്നിവ 20 സെന്റ് സ്ഥലത്ത് നട്ടുപിടിപ്പിച്ച് വളർത്തി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മയ്ക്കൊരു പൂജാപുഷ്പം എന്ന ആശയത്തോടെ കദളീവനം പൂങ്കാവനം പദ്ധതി നടപ്പാക്കുന്നത്. ഇപ്പോൾ പുറത്തുനിന്ന് വാങ്ങിയാണ് പൂജകൾക്ക് ഉപയോഗിക്കുന്നത്. ആറ് മാസത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കും. ക്ഷേത്ര ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ ക്രിസ് ഗ്രൂപ്പും തപസ്യ കലാസാഹിത്യ വേദിയുമായി സഹകരിച്ചാണ് കദളീവനം പൂങ്കാവനം പദ്ധതി നടപ്പാക്കുന്നത്. കദളിമംഗലം ക്ഷേത്ര ബലിതർപ്പണ മണ്ഡപത്തിൽ നാളെ പദ്ധതിയുടെ ഉദ്ഘാടനം എരുമേലി ആത്മബോധാനന്ദ ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി നിർവഹിക്കും. കദളിമംഗലം ദേവസ്വം മാനേജർ ടി.ആർ. വിജയൻപിള്ള അദ്ധ്യക്ഷത വഹിക്കും കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ആദ്യതൈ നട്ടുപിടിപ്പിക്കും. സാംസ്ക്കാർ ഭാരതി ക്ഷേത്രീയ സെക്രട്ടറി തിരൂർ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.