പത്തനംതിട്ട: ഡ്രൈവിംഗ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ചതിലുണ്ടായ തർക്കത്തിനു പിന്നാലെ ഡ്രൈവിഗ് സ്കൂൾ ഉടമയ്ക്ക് മർദ്ദനമേറ്റു. സംഭവത്തിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. സി.പി.എം പേട്ട ബി ബ്രാഞ്ച് കമ്മിറ്റിയംഗവും എം.ബി.വി ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ സലിമിനാണ് (55) മർദനമേറ്റത്. തടസം പിടിക്കാൻ ശ്രമിച്ച ഭാര്യ സലീന യ്ക്കും (55) പരിക്കുണ്ട്.
എസ്.ഡി.പി.ഐ പ്രവർത്തകരും സഹോദരന്മാരുമായ പേട്ട പുതുപ്പറമ്പിൽ അഫ്സൽ റഹിം (21), ആഷിഖ് റഹിം (22) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രി ഏഴിന് പേട്ട കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തുളള വീട്ടിൽ നിന്ന് സലിമിനെ വിളിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് സലിമിന്റെ തലയുടെ ഇടതുവശത്ത് പൊട്ടലുണ്ട്. പുറത്തും മുഖത്തിന്റെ ഇരുവശത്തും കാലുകളിലും പരിക്കേറ്റു. പ്രതികളുടെ മാതാവ് സലിമിന്റെ ഡ്രൈവിംഗ് സ്‌കൂളിൽ പഠനത്തിന് ചേർന്നിരുന്നു. എന്നാൽ, ഫീസ് നൽകിയില്ല. ഫീസ് ചോദിക്കാൻ പല തവണ സലിം വിളിച്ചെങ്കിലും ഇവർ ഫോൺ എടുത്തിരുന്നില്ലെന്ന് പറയുന്നു.
പിന്നീട് സലിം ഇവരെ വാട്സാപ്പിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്ന് ആരോപിച്ചാണ് പ്രതികൾ വീട്ടിലെത്തി മർദിച്ചത്. ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.