ശബരിമല: തുടർച്ചയായ 21-ാം വർഷവും കേരള കൗമുദിക്കുവേണ്ടി കൊല്ലം പെരിനാട് കെ.വി.എം.ആർ.എ നഗർ 111 മംഗലത്ത് വീട്ടിൽ എസ്. മനോജ്‌കുമാർ അയ്യപ്പ സന്നിധിയിൽ കളഭാഭിഷേകം നടത്തി. ഇക്കുറി തിരുവിതാംകൂർ ദേവസ്വം ബോർഡ് അരച്ചുനൽകിയ കളഭമാണ് അഭിഷേകത്തിന് ഉപയോഗിച്ചത്. മുൻവർഷങ്ങളിൽ മറയൂരിൽ നിന്നുള്ള ഒന്നരക്കിലോ ചന്ദനമുട്ടിയും കുങ്കുമപ്പൂവും പച്ചക്കർപ്പൂരവും വെള്ളത്തിൽ ചേർത്തരച്ചായിരുന്നു കളഭം നിർമ്മിച്ചിരുന്നത്.
ഇന്നലെ രാവിലെ ഉഷഃപൂജയ്ക്കും കലശാഭിഷേകത്തിനും ശേഷം കിഴക്കേമണ്ഡപത്തിൽ കളഭകലശം പൂജിച്ചു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമ്മികത്വത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി കളഭകലശവുമേന്തി ക്ഷേത്രത്തിന് വലംവച്ച് ശ്രീകോവിലിൽ പ്രവേശിച്ചു. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി.