
പത്തനംതിട്ട : ജില്ലയിലെ മെഡിക്കൽ സ്റ്റോറുകൾ രാത്രി പത്തിന് മുമ്പേ അടയ്ക്കും. മരുന്ന് വേണമെങ്കിൽ നേരം പുലരാൻ കാത്തിരിക്കണം. ആശുപത്രിയുടെ പരിസരങ്ങളിൽ പോലും രാത്രികാലങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നില്ല. അത്യാവശ്യമായി മരുന്ന് ആവശ്യമുള്ളവർ രാവിലെ വരെ കാത്തിരുന്നേ പറ്റു. ആശുപത്രികളിൽ നിന്ന് പുറത്തേക്ക് കുറിച്ച് നൽകുന്ന മരുന്ന് അടുത്തദിവസം രാവിലെ മെഡിക്കൽ സ്റ്റോർ തുറന്നതിന് ശേഷമാകും ലഭ്യമാകുക.
മുൻവർഷങ്ങളിൽ ശബരിമല തീർത്ഥാടന നാളുകളിൽ രാത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളുടെ പേരുവിവരങ്ങൾ അധികൃതർ അറിയിപ്പായി നൽകിയിരുന്നു. ഇത്തവണ ഇത്തരത്തിലുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ഡ്രഗ്സ് കൺട്രോൾ അധികൃതർക്കാണ് ഇതിന്റെ ചുമതല. പത്തനംതിട്ടയിലും അടൂരും മെഡിക്കൽ സ്‌റ്റോറുകൾ പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ഇത് നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നില്ല.
തീർത്ഥാടകർ ബുദ്ധിമുട്ടിൽ
ശബരിമല തീർത്ഥാടനകാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാത്രികാലങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾ മുമ്പ് പ്രവർത്തിച്ചിരുന്നു. എന്നാൽ ഇത്തവണ രാത്രിയിൽ മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നില്ല. ഇത് തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളും പ്രായമായവരുമടക്കം യാത്ര ചെയ്യുന്നവർക്ക് അത്യാവശ്യ മരുന്നുകൾ വാങ്ങണമെങ്കിൽ ആശുപത്രികളിൽ കയറേണ്ടി വരും. മണ്ഡലകാലമായതിനാൽ അപകടങ്ങളടക്കം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മെഡിക്കൽ സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം.
രോഗം എപ്പോൾ വേണമെങ്കിലും വരാം. ഒരു വയറു വേദനയോ കുട്ടികൾക്ക് പനിയോ വന്നാൽ രാത്രിയിൽ മരുന്ന് ലഭ്യമാകേണ്ടതുണ്ട്. ആശുപത്രിയിൽ സ്റ്റോക്കില്ലാത്ത മരുന്നുകൾ പുറത്തേക്ക് എഴുതി തന്നാൽ വാങ്ങാൻ മെഡിക്കൽ സ്റ്റോറില്ലാത്ത സാഹചര്യമാണ്.
അനൂപ് ജോൺ, പ്രദേശവാസി
പത്തനംതിട്ടയിലും അടൂരും ഒരു മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡ്രഗ്സ് കൺട്രോൾ ഓഫീസ് അധികൃതർ