
ശബരിമല : നെയ് വിളക്കിന്റെ വെളിച്ചത്തിൽ പൂക്കളുടെ നടുവിൽ അനുഗ്രഹം ചൊരിയുന്ന അയ്യപ്പസ്വാമി, ഭക്തരുടെ മനംനിറയ്ക്കുന്ന മനോഹര കാഴ്ചയാണത്. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് തീർത്ഥാടകർ അയ്യപ്പസ്വാമിക്ക് സമർപ്പിക്കുന്ന പ്രധാന പൂജയാണ് പുഷ്പാഭിഷേകം. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീകോവിലിൽ അയ്യപ്പ വിഗ്രഹത്തിൽ പുഷ്പാഭിഷേകം നടക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺ നമ്പൂതിരി എന്നിവരുടെ കാർമ്മികരാകും.
സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് മുൻകൂർ ബുക്ക് ചെയ്യാതെ നടത്താൻ കഴിയുന്ന വഴിപാടാണിത്. 12,500 രൂപ ദേവസ്വത്തിൽ അടയ്ക്കണം. 700 ഗ്രാം പൂവ് ഇതിനായി ലഭിക്കും. വഴിപാട് നടത്തുന്ന ഭക്തനൊപ്പം അഞ്ച് പേർക്ക് സോപാനത്തെ ഒന്നാംനിരയിൽ നിന്ന് ശ്രീകോവിലിലേക്ക് പൂക്കൂടകൾ നൽകുന്നതിനും അഭിഷേകം കണ്ട് തൊഴുന്നതിനും അവസരം നൽകും. രണ്ട് കോടി രൂപയ്ക്കാണ് ഇത്തവണ പൂവ് ലേലത്തിൽ പോയത്. വഴിപാടുകാരൻ 12,500 രൂപ ദേവസ്വത്തിൽ അടച്ചാൽ 7500 രൂപ പൂവിന്റെ വിലയായി കരാറുകാരന് ലഭിക്കും. കമ്പം, ഡിണ്ടിഗൽ , ഹൊസൂർ എന്നിവിടങ്ങളിൽ നിന്നുമാണ് പൂവ് സന്നിധാനത്ത് എത്തിക്കുക.
താമര, തുളസി, തെറ്റി, റോസ്, ജമന്തി, മുല്ല, കൂവളം എന്നീ പൂക്കൾ പുഷ്പാഭിഷേകത്തിന് ഉപയോഗിക്കുന്നു. ഉച്ചപൂജ കഴിയുന്നതോടെ മാളികപ്പുറത്ത് പൂക്കൾ ഒരുക്കുന്ന ജോലികൾ ആരംഭിക്കും. ഇത് കാണാനും നിരവധി ഭക്തർ എത്തുന്നുണ്ട്. പൂക്കൾക്ക് പുറമെ അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള കിരീടം, ഏലയ്ക്കാ മാല എന്നിവയും ഇവിടെ തയ്യാറാക്കുന്നുണ്ട്. പുഷ്പാഭിഷേകത്തിന് ശേഷം ചന്ദനമാല, രാമച്ചമാല എന്നിവയും ചാർത്തും.നൂറ് പുഷ്പാഭിഷേകം വരെ നടക്കുന്ന ദിവസങ്ങളുമുണ്ട്. രാത്രി ഒൻപതോടെ അവസാനിക്കും.
പുഷ്പാഭിഷേകത്തിന് പുറമേ അഷ്ടാഭിഷേകം, കളഭാഭിഷേകം, നെയ്യഭിഷേകം, മാളികപ്പുറത്ത് ഭഗവതിസേവ എന്നിവയും ശബരിമലയിലെ പ്രധാന പൂജകളാണ്.