appam

ശബരിമല : അയ്യപ്പസ്വാമിയുടെ ഇഷ്ടപ്രസാദങ്ങളായ അപ്പം, അരവണ വില്പനയിൽ റെക്കാഡ് വരുമാനം. മണ്ഡലകാലം ആദ്യ 20 ദിവസം പിന്നിട്ടപ്പോൾ 60,54,95,040 രൂപയുടെ വില്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42,20,15,585 രൂപയാണ് ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18,34 ,79,455 രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. നടവരവിലും കാര്യമായ വർദ്ധനവുണ്ട്.

സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള പത്തും മാളികപ്പുറത്തുള്ള എട്ടും കൗണ്ടറുകളിലൂടെയാണ് അപ്പം, അരവണ വിൽപ്പന നടക്കുന്നത്. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ബോർഡ് ഒരുക്കിയിട്ടുണ്ട്. ഒരു ടിൻ അരവണയ്ക്ക് നൂറ് രൂപയാണ് വില. പത്ത് ടിൻ അടങ്ങിയ ബൾക്ക് കണ്ടെയ്നറിന് 1010 രൂപ ഈടാക്കും. അപ്പം പായ്ക്കറ്റിന് 45 രൂപയാണ് വില. മുൻ വർഷങ്ങളിൽ അപ്പം, അരവണ ക്ഷാമം പല ഘട്ടങ്ങളിലും പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തവണ പ്രസാദ വിതരണ പ്രതിസന്ധികൾ ഉണ്ടാകില്ലെന്നും ആവശ്യത്തിന് കരുതൽ ശേഖരമുണ്ടെന്നും ദിവസേന ഉല്പാദനം നടക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.