 
തിരുവല്ല : അപ്പർകുട്ടനാട്ടിലെ ജനങ്ങളുടെ ആശ്രയമായ ചാത്തങ്കരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ' ആതുരസന്ധ്യ 'പ്രവർത്തനം തുടങ്ങി. ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് ആറ് വരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ശബരിമല ഡ്യുട്ടിയുള്ളതിനാൽ ജീവനക്കാരുടെ കുറവുണ്ടെങ്കിലും ഫാർമസി, ലാബ് എന്നിവയുടെ സേവനവും ഈ സമയം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രോഗികൾ കിലോമീറ്ററുകൾ സഞ്ചരിച്ച് മുമ്പ് ഉച്ചയ്ക്കുശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിലോ സ്വകാര്യ ആശുപത്രികളിലോ പോകേണ്ട സ്ഥിതിയായിരുന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നാല് ലക്ഷം രൂപ ചെലവഴിച്ചാണ് സായാഹ്ന ഒ.പി ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, ബ്ലോക്ക് മെമ്പർമാരായ സോമൻ താമരച്ചാലിൽ, മറിയാമ്മ എബ്രഹാം, അരുന്ധതി അശോക്, അനു സി.കെ, പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു, പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു നമ്പൂതിരി, ചന്ദ്രു എസ്.കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.നന്ദിനി, ആശുപത്രി വികസനസമിതി അംഗങ്ങളായ പ്രമോദ് ഇളമൺ, ശാന്തമ്മ ആർ.നായർ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ശാലിനി എസ് എന്നിവർ പ്രസംഗിച്ചു.
കിടത്തിച്ചികിത്സ പുനരാരംഭിക്കണം
ചാത്തങ്കരി ആശുപത്രിയിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കിടത്തിച്ചികിത്സ കൂടി ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. പത്തോളം രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം മുമ്പ് ആശുപത്രിയിൽ ഉണ്ടായിരുന്നു. പലവിധ കാരണങ്ങളാൽ പിന്നീട് കിടത്തിച്ചികിത്സ നിറുത്തിവച്ചു. വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്ന ഈ പ്രദേശത്ത് 2018ലെ പ്രളയത്തിനുശേഷം നാഷണൽ ഹെൽത്ത് മിഷന്റെ 75ലക്ഷം രൂപ കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചിരുന്നു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന കെട്ടിടം നിർമ്മിക്കാനായി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും ഒന്നും നടപ്പായില്ല.
---------------------
4 ലക്ഷം രൂപ ചെലവിൽ നിർമ്മാണം