
തിരുവല്ല : യജമാനന്റെ അന്ത്യയാത്രാനിമിഷങ്ങളിലെ ടൈഗർ എന്ന നായയുടെ നൊമ്പരം നിറഞ്ഞ ദൃശ്യങ്ങൾ വൈറലായി. തിരുവല്ല മേപ്രാൽ കട്ടപ്പുറത്ത് പാലത്തിട്ടയിൽ വീട്ടിൽ പി.എം.മാത്യുവിന് (തങ്കച്ചൻ - 69) വളർത്തുനായ നൽകിയ യാത്രാമൊഴിയാണ് ഹൃദയഭേദകമായത്. മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ വീടിന്റെ പിൻവശത്ത് ചങ്ങലയിൽ ബന്ധിച്ചിരുന്ന ടൈഗർ, ചങ്ങല പൊട്ടിച്ച് വീടിന്റെ ചുറ്റുമതിലും ചാടിക്കടന്ന് ആംബുലൻസിന് അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. തുടർന്ന് ആംബുലൻസിന് ചുറ്റുമുള്ള തിക്കുംതിരക്കും വകവയ്ക്കാതെ ഉള്ളിൽക്കയറി തന്റെ യജമാനനെ ദൈന്യമായ മുഖത്തോടെ ടൈഗർ അവസാനമായി ഒരു നോക്കുകണ്ടു. ആംബുലൻസിലേക്ക് കയറിയ ടൈഗറെ പിന്തിരിപ്പിക്കാൻ ഒരു ബന്ധു ശ്രമിക്കുന്നതും അത് വകവയ്ക്കാതെ മുഖമുയർത്തി മാത്യുവിനെ കാണുന്ന ടൈഗറിനെയും ദൃശ്യങ്ങളിൽ കാണാം. ആംബുലൻസിൽ നിന്ന് തിരികെ ഇറങ്ങി വീടിന്റെ പോർച്ചിൽ മ്ലാനതയോടെ മുഖമമർത്തി കിടക്കുന്ന ടൈഗർ കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം മാത്യുവിന്റെ ബന്ധു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വൈറലായത്. നാല് വർഷം മുമ്പാണ് വീടിന് സമീപത്തെ റോഡിൽ നിന്ന് രണ്ട് മാസത്തോളം പ്രായമുള്ള നായക്കുട്ടിയെ മാത്യുവിന് ലഭിച്ചത്.
തുടർന്ന് വീട്ടിലെത്തിച്ച് ടൈഗറെന്ന് പേരിട്ടു. മക്കൾ വിദേശത്തുള്ള മാത്യുവും ഭാര്യ എൽസിയും വീട്ടിലെ ഒരു അംഗത്തെപ്പോലെ ടൈഗറിനെ പരിപാലിച്ച് വളർത്തുകയായിരുന്നു.