മല്ലപ്പള്ളി:ടൈം ഷെഡ്യൂൾ പാലിച്ചില്ല. ബസില്ലാത്ത ആളിന് കുറ്റം ചുമത്തി 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. മല്ലപ്പളളി പാടിമൺ സ്വദേശി പടപ്പനം പൊയ്കയിൽ വീട്ടിൽ പത്മകുമാർ പി.ജിയ്ക്കാണ് മോട്ടോ വാഹന വകുപ്പ് ഇല്ലാത്ത സ്വകാര്യ ബസ് സർവീസിനുമേൽ പിഴ ചുമത്തിയത്. ടൈം ഷെഡ്യൂൾ പ്രകാരം 12.10 ന് മല്ലപ്പള്ളിയിൽ നിന്നും പുറപ്പെട്ട് 12.30 ന് കറുകച്ചാലിൽ എത്തേണ്ടിയിരുന്ന KL38 D 8735 രജിട്രേഷനിലുള്ള തൈപ്പറമ്പിൽ ബസ് മതിയായ കാരണം കൂടാതെ സർവീസ് മുടക്കി ആനിക്കാട് റോഡരുകിൽ യന്ത്ര തകരാറുകൾ ഇല്ലാതെ പാർക്ക് ചെയ്തിരിക്കുന്നതായി കാണപ്പെട്ടു എന്നതാണ് പിഴ ചുമത്തുവാൻ കാരണം. നവംബർ 26ന് 10.22 ന് സംഭവം നടന്നതായിട്ടാണ് മല്ലപ്പള്ളി സബ് ആർ.ടി.ഒ. ഇൻസ്പെക്ടർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്ക് സ്വന്തമായി ഒരു പിക്കപ്പ് വാഹനം മാത്രമാണ് ഉള്ളത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ എഴുമറ്റൂർ സ്വദേശി മണപ്പുറത്ത് വീട്ടിൽ പ്രദീപ് എം.പിയ്ക്ക് ഇല്ലാത്ത ആക്ടീവാ സ്കൂട്ടർ തിരുവല്ലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിന്റെ ഗേറ്റിന് മുമ്പിൽ പാർക്ക് ചെയ്തത് കാണിച്ച് കത്ത് ലഭിച്ചിരുന്നു.