പത്തനംതിട്ട : ജില്ലയിൽ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾ വരുന്നു. മൂന്ന് യൂണിറ്റുകളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. പത്തനംതിട്ട , പന്തളം നഗരസഭകളും പറക്കോട് ബ്ലോക്ക് പഞ്ചായത്തുമാണ് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ വാങ്ങുന്നത്. ഒരു മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റിന് 35 ലക്ഷം രൂപയാണ് ചെലവ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടും ശുചിത്വ മിഷന്റെ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം ആരംഭിക്കുക.
ശുചിമുറി മാലിന്യ നിർമാർജ്ജനത്തിനുളള ശാശ്വത പരിഹാരമെന്ന നിലയിൽ ജില്ലയിൽ പ്ലാന്റ് സ്ഥാപിക്കണമെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധികളടക്കം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ രണ്ട് തവണ ചർച്ചയും നടത്തി. ഉടൻ പദ്ധതി നടപ്പാക്കാനാണ് അധികൃതരുടെ ശ്രമം.
മണിക്കൂറിൽ 3000 മുതൽ 6000 ലിറ്റർ മാലിന്യങ്ങൾ സംസ്കരിക്കാം
സെപ്ടിക്ക് മാലിന്യങ്ങൾ സംസ്ക്കരിക്കുന്ന ചെറിയ യൂണിറ്റുകളാണ് മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾ. മണിക്കൂറിൽ 3000 മുതൽ 6000 ലിറ്റർ മാലിന്യങ്ങൾ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകളിൽ സംസ്ക്കരിക്കാം. ഇത് പിന്നീട് വളമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വെള്ളം കൃഷിയാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാം.
പദ്ധതി വേഗത്തിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിൽ ടോയ്ലെറ്റ് മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുന്നതിന് ആവശ്യമായി നടപടികൾ സ്വീകരിച്ചുവരികയാണ്.
അനൂപ് ശിവശങ്കര പിള്ള
(ശുചിത്വമിഷൻ പത്തനംതിട്ട
അസി. കോർഡിനേറ്റർ)