 
തിരുവല്ല : ക്യാൻസർ രോഗത്തെ മനധൈര്യവും നൂതനചികിത്സയും ദൈവത്തിൽ അർപ്പിച്ചുള്ള പ്രാർത്ഥനകൊണ്ടും നേരിടണമെന്നും കാലതാമസം ഇല്ലാതെയുള്ള രോഗനിർണയവും ചികിത്സയും ക്യാൻസറിനെ അതിജീവിക്കാൻ അത്യന്താപേക്ഷിതമാണെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പുഷ്പഗിരി ക്യാൻസർ സെന്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ക്യാൻസർ അതിജീവിതരുടെ സംഗമം 'അതിജീവനം 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഷ്പഗിരി ആശുപത്രിയുടെ സേവനം മഹത്തരമാണെന്നും പ്രാരംഭഘട്ടത്തിൽ തന്നെയുള്ള രോഗനിർണയത്തിൽ പുഷ്പഗിരി കൂടുതൽ മുൻപന്തിയിലേക്ക് വന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു. അതിരൂപത മെത്രാപ്പോലിത്ത ഡോ.തോമസ് മാർ കൂറിലോസ്, മാത്യു ടി. തോമസ് എം.എൽ.എ, പുഷ്പഗിരി ഗ്രൂപ്പ്‌ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. റവ.ഡോ.ഫിലിപ്പ് പയ്യമ്പള്ളിൽ, പുഷ്പഗിരി ഓങ്കോളജി വിഭാഗം മേധാവി ഡോ.വി.യു. തങ്കമ്മ, അസോസിയേറ്റ് പ്രൊഫസർ ഡോ.ജെൻസി ജോയ്, ഡോ.അബു അബ്രഹാം കോശി, പുഷ്പഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.അബ്രഹാം വർഗീസ്, മുനിസിപാലിറ്റി വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. മുന്നൂറിലധികം കാൻസർ അതിജീവിതർ സമ്മേളനത്തിൽ പങ്കെടുത്തു.