
ശബരിമല : അയ്യപ്പ ദർശനത്തിന് എത്തിയ ഭക്തരുടെയും ദേവസ്വം ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കണ്ണും മനസും നിറച്ച് കുഞ്ഞുമാളികപ്പുറം. മാവേലിക്കര സ്വദേശി കൃഷ്ണകുമാറിനൊപ്പം എത്തിയ ആറ് മാസം മാത്രം പ്രായമുള്ള മകൾ ആദ്യയുടെ കരച്ചിലും കളിചിരികളും കുസൃതിയുമാണ് എല്ലാവരുടെയും മനം നിറച്ചത്. അച്ഛന്റെ ഒക്കത്തിരുന്ന് പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയ കുഞ്ഞുമാളികപ്പുറം കരച്ചിൽ നിറുത്താതെ വന്നതോടെ ദേവസ്വം ബോർഡ് ജീവനക്കാരൻ വിനോദ് കയ്യിലെടുത്ത് തോളിലിട്ട് താലോലിച്ചു. അച്ഛന്റെ കയ്യിൽ ഉണ്ടായിരുന്ന കുപ്പിപ്പാൽ നൽകി. മറ്റ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ലാളിക്കാൻ ഒപ്പം കൂടിയതോടെ ആദ്യയുടെ കരച്ചിൽ കളിചിരികളിലേക്ക് വഴിമാറി. അയ്യപ്പസ്വാമിയെ കൺകുളിർക്കെ കണ്ട് തന്ത്രിയുടെയും മേൽശാന്തിയുടെയും കയ്യിൽ നിന്ന് പ്രസാദവും സ്വീകരിച്ചാണ് ആദ്യയുമായി കൃഷ്ണകുമാർ മലയിറങ്ങിയത്. ദിവസേന നിരവധി കുരുന്നുകളാണ് അച്ഛന്റെയും അപ്പൂപ്പന്റെയും അടുത്ത ബന്ധുക്കളുടെയും ഒക്കത്തിരുന്ന് ശബരീശ ദർശനത്തിന് എത്തുന്നത്. ചോറൂണിനായും നിരവധി കുട്ടികൾ എത്തുന്നുണ്ട്.