
ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ കാർത്തികസ്തംഭം ഇന്ന് ഉയരും. വൈകിട്ട് 5.30ന് ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന തൂണിൽ ദേവിക്ക് ഒരുവർഷം കിട്ടിയ ഉടയാടകൾ, വാഴക്കച്ചി, കവുങ്ങോല, പഴയോലകൾ, ഇലഞ്ഞിപ്പൂക്കൾ, പടക്കം എന്നിവ കെട്ടിത്തൂക്കിയാണ് സ്തംഭം ഒരുക്കുന്നത്. നാട്ടിലെ സകല പാപദോഷങ്ങളും സ്തംഭത്തിലേയ്ക്ക് ആവാഹിച്ചാണ് സ്തംഭം ഉയർത്തുന്നത്. തിന്മയുടെ പ്രതീകമായാണ് കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ്. പൊങ്കാല ദിനത്തിൽ വൈകിട്ട് 6.30 ന് ദേവിയെ പുറത്തേയ്ക്ക് എഴുന്നുള്ളിച്ച് കിഴക്കോട്ട് അഭിമുഖമായി പീഠത്തിൽ ഇരുത്തിയ ശേഷമാണ് സ്തംഭം കത്തിക്കൽ ചടങ്ങ് നടക്കുന്നത്. കാർത്തികസ്തംഭം എരിഞ്ഞടങ്ങുന്നതോടെ നാട്ടിലെ സകലപാപങ്ങളും നീങ്ങുമെന്നാണ് ഭക്തരുടെ വിശ്വാസം.
സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ഭക്തസംഗമം ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. നെടുംമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. മീഡിയ കോർഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ, ബിനു കെ.എസ് എന്നിവർ നേതൃത്വം വഹിക്കും.
പൊങ്കാല ദിനത്തിൽ വൈകിട്ട് 6.30 ന് പഞ്ചിമ ബംഗാൾ ഗവർണ്ണർ ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.
പൊങ്കാലയ്ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്നത്. പൊങ്കാല രജിസ്ട്രേഷൻ ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. ആയിരക്കണക്കിന് തീർത്ഥാടകരാണ് പൊങ്കാല കൂപ്പൺ വാങ്ങാൻ ക്ഷേത്രത്തിൽ എത്തുന്നത്.