tank
തിരുവല്ല റവന്യു ടവറിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകിയ നിലയിൽ

തിരുവല്ല : താലൂക്കിലെ ഭരണസിരാകേന്ദ്രമായ റവന്യു ടവറിലെ ടോയ്ലെറ്റുകളുടെ ടാങ്കുകൾ പൊട്ടിയൊഴുകുന്നു. വിവിധ ആവശ്യങ്ങൾക്കായി ദിവസവും നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന റവന്യു ടവറിന്റെ പരിസരത്താകെ ദുർഗന്ധം രൂക്ഷമാണ്. ടവറിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ടോയ്ലെറ്റുകളുടെ ടാങ്കുകളിലെ മലിനജലമാണ് പരിസരങ്ങളിൽ പലയിടത്തും കെട്ടിക്കിടക്കുന്നത്. രണ്ടാഴ്ചയിലേറെ ആയിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് പരാതി ശക്തമാണ്. മാലിന്യ ടാങ്കിന് സമീപത്താണ് കുടിവെള്ള ടാങ്കും സ്ഥിതിചെയ്യുന്നത്. മലിനജലം ചോർന്നൊഴുകി കുടിവെള്ള ടാങ്കിലെ വെള്ളത്തിൽ കലരുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. റവന്യു ടവറിന്റെ നാല് നിലകളിലായി ഇരുപതിലധികം സർക്കാർ ഓഫീസുകൾ, കോടതികൾ, അനുബന്ധ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബീവറേജസ് കോർപ്പറേഷന്റെ പ്രീമിയം ഷോപ്പ് ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. സമീപത്ത് ഫയർസ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, സബ് ട്രഷറി ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു. മാലിന്യ ടാങ്കിലെ ദുർഗന്ധം റവന്യു ടവറിൽ എത്തുന്നവരെയും സമീപങ്ങളിലെ ആളുകളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. രാപകൽ പ്രവർത്തിക്കുന്ന ബീവറേജസ് ഷോപ്പിൽ എത്തുന്നവരെയാണ് പ്രശ്നം ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. ടവറിലെ പ്രശ്നങ്ങൾ സമയബന്ധിതമായി തീർക്കാത്തതുമൂലം മറ്റു പല ദുരിതങ്ങളും ഇവിടെ എത്തുന്നവർ അനുഭവിക്കുകയാണ്. റവന്യു ടവറിലെ മൂന്ന് ലിഫ്റ്റുകളും പ്രവർത്തിക്കാതായിട്ട് മാസങ്ങളായി. താലൂക്ക് സഭയിൽ ഉൾപ്പെടെ നിരവധി തവണ പരാതികൾ ഉന്നയിച്ചിട്ടും ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടില്ല.

........................................

റവന്യു ടവറിലെ സെപ്റ്റിക് ടാങ്കിലെ ചോർച്ച പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
ഉണ്ണികൃഷ്ണൻ
(ഉപഭോക്താവ്)

........................

ടാങ്കുകൾ പൊട്ടിയിട്ട് 14 ദിവസം

20 സർക്കാർ ഓഫീസുകൾ