പന്തളം: മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നോടിയായുള്ള പറയ്‌ക്കെഴുന്നള്ളിപ്പിന് ജീവത താത്കാലികമായുണ്ടാക്കിയ ജങ്കാറിൽ അച്ചൻകോവിലാറിലൂടെ ഞെട്ടൂർ കരയിലേക്കെത്തിച്ചു. ആനയെ എഴുന്നള്ളിപ്പിന് നിയന്ത്രണം വന്നതോടെ ജീവതയിലാണ് ഇത്തവണ പറയ്‌ക്കെഴുന്നെള്ളിപ്പ് നടക്കുന്നത്. ഒരു വ്യാഴവട്ടക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് വയറപ്പുഴ കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പൂർത്തിയാക്കുവാൻ ഇനിയും കാലതാമസമുണ്ടെന്നാണ് നിർമ്മാണച്ചുമതലയിലുള്ളവർ അറിയിച്ചത്. വർഷങ്ങളായി മഹാദേവ ഹിന്ദുസേവാസമിതിയും ഞെട്ടൂർ പ്രാദേശിക സഭയും ചേർന്ന് നിർമ്മിക്കുന്ന താൽകാലിക പാലമാണ് കുളനട പഞ്ചായത്തിലുള്ള ഭക്തർക്ക് ക്ഷേത്രത്തിലെത്തുന്നതിനുള്ള മാർഗമായി മാറിയിരുന്നത്. വളരെ ശ്രമകരമായി നിർമ്മിച്ച് ഉണ്ടാക്കുന്ന ഈ താത്കാലികപാലം വിഷുവിന് ശേഷമായിരുന്നു അഴിച്ചു മാറ്റുന്നത്. കഴിഞ്ഞവർഷം ഈ പാലം അഴിച്ചു മാറ്റുന്നതിന് മുമ്പ് തന്നെ ജലനിരപ്പ് ഉയരുകയും ഇതിന്റെ സാധന സാമഗ്രികൾ ഒലിച്ചു പോവുകയും ചെയ്തിരുന്നു.