s

ശബരിമല : ശബരിമല ഉന്നതാധികാര സമിതിയുടെ പ്രത്യേക ആവശ്യ പ്രകാരം നിർമ്മിച്ച ബെയ്ലി പാലം ആരും ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നു. സന്നിധാനത്തെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടയാണ് പാലം സ്ഥാപിച്ചത്. ദർശനം നടത്തി മടങ്ങുന്ന ഭക്തരെ വലിയ നടപ്പന്തലിൽ ഇറക്കാതെ ഭസ്മക്കുളത്തിന് സമീപത്തുകൂടി ചന്ദ്രാനന്ദൻ റോഡിൽ എത്തിക്കുന്നതിന് വേണ്ടി പട്ടാളത്തിന്റെ സഹായത്തോടെ 2011ലായിരുന്നു നിർമ്മാണം. എന്നാൽ പാലം കയറിയെത്തുന്നതിന് കുത്തനെയുള്ള കയറ്റം വലിയ വെല്ലുവിളിയായി. ഇതോടെ ബെയ്ലി പാലം ആരും ഉപയോഗിക്കാതായി. ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. ഇതിന് പകരമായി പ്രഖ്യാപിച്ച പുതിയ സ്ഥിരം പാലവും പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ വലിയ നടപ്പന്തപ്പലിൽ ഉൾപ്പടെ വലിയ തിക്കും തിരക്കുമാണ് .

യുദ്ധകാലത്തും അടിയന്തര സാഹചര്യങ്ങളിലും മറ്റും താത്കാലിക ആവശ്യങ്ങൾക്കായി പട്ടാളക്കാർ നിർമ്മിക്കുന്ന പാലമാണ് ബെയ്ലി പാലം. കരസേനയുടെ ബംഗളുരു ആസ്ഥാനമായ മദ്രാസ് എൻജിനിയേഴ്സ് ഗ്രൂപ്പാണ് 2011 ഒക്ടോബറിൽ ഒരു ദിവസം കൊണ്ട് നിർമ്മാണം നടത്തിയത്. പാലക്കാട് സ്വദേശി കേണൽ മുരളീധരന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘാണ് നേതൃത്വം നൽകിയത്. ജോധ്പൂരിൽ നിന്ന് എത്തിച്ച പന്ത്രണ്ട് ഉരുക്കുപാനലുകൾ കൂട്ടിച്ചേർത്താണ് പാലം പണിതത്. വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോഴാണ് കേരളത്തിൽ അവസാനമായി ബെയ്ലി പാലം നിർമ്മിച്ചത്. ജില്ലയിൽ നേരത്തെ റാന്നിയിലും അടൂരിലും പാലം നിർമ്മിച്ചിട്ടുണ്ട്. ജില്ലയിൽ ശബരീമലയിൽ മാത്രമാണ് ഇപ്പോൾ ബെയ്ലി പാലമുള്ളത്.

സ്ഥിരം മേൽപ്പാലത്തിന് നടപടി വൈകുന്നു

ശബരിമല മാസ്റ്റർ പ്ളാനിൽ മാളികപ്പുറത്തെയും ചന്ദ്രാനന്ദൻ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ മേൽപ്പാലം നിർമ്മിക്കാൻ പദ്ധതിയുണ്ട്. 48 കോടി രൂപ ചെലവിൽ ആറ് മീറ്റർ വീതിയിൽ 325 മീറ്റർ നീളത്തിലാണ് ഇതിന്റെ നിർമ്മാണം ഉദ്ദേശിക്കുന്നത്. സുരക്ഷാ ഇടനാഴിയും ഉണ്ടാകും. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാന സർക്കാർ പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മാളികപ്പുറത്തെ മേൽശാന്തി മഠത്തിന് പിന്നിൽ നിന്ന് ചന്ദ്രാനന്ദൻ റോഡിലേക്കാണ് ആദ്യ പരിഗണന നൽകിയിരിക്കുന്നത്. എന്നാൽ അലൈൻമെന്റിൽ മാറ്റം വരുത്തി പൊലീസ് ബാരക്കിന് സമീപത്തുകൂടി പാലം നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പാലം യാഥാർത്ഥ്യമായാൽ തിരുമുറ്റത്തെയും വലിയ നടപ്പന്തലിലെയും തിരക്ക് വലിയ രീതിയിൽ കുറയ്ക്കാൻ കഴിയും.

ചെലവ് 48 കോടി

നീളം 325 മീറ്റർ