
ശബരിമല : മണ്ഡലകാലം പകുതി പിന്നിടുമ്പോൾ തീർത്ഥാടന പാതയിൽ ഭക്തർക്ക് ലഭിക്കുന്നത് സുരക്ഷിതയാത്ര . 21 ദിവസത്തിനിടെ ഇലവുങ്കൽ എരുമേലി ,കുട്ടിക്കാനം മേഖലകളിലെ 400 കിലോ മീറ്റർ ചുറ്റളവിൽ നടന്നത് 38 അപകടങ്ങൾ മാത്രമാണ് . 20 പേർക്ക് പരിക്കേറ്റെങ്കിലുംആർക്കും ഗുരുതരമല്ല . ഇലവുങ്കലിൽ 23 ഉം എരുമേലിയിൽ പത്തും കുട്ടിക്കാനത്ത് അഞ്ചും അപകടങ്ങളാണ് ഉണ്ടായത് . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രണ്ടുപേരുടെ മരണം ഉൾപ്പടെ 60 അപകടങ്ങളാണ് ഉണ്ടായത്.
മോട്ടോർ വാഹനവകുപ്പും കേരള റോഡ് സുരക്ഷാ അതോറിട്ടിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇലവുങ്കൽ, കുട്ടിക്കാനം,എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകൾ രാവും പകലുമായി പ്രവർത്തിക്കുന്നുണ്ട്. ചെറുതും വലുതുമായ 40 ലക്ഷത്തോളം വാഹനങ്ങൾ തീർത്ഥാടനപാതയിലൂടെ കടന്നു പോയിട്ടുണ്ട്.ഡ്രൈവർമാർക്ക് റോഡിന്റെ സവിശേഷത സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും ഉറക്കം മാറ്റാൻ കട്ടൻ ചായ വിതരണം ചെയ്യുന്നുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു .
അപകടമുണ്ടായാൽ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവയുടെ ആംബുലൻസ് സർവീസുകൾസജ്ജമാണ് . വാഹനങ്ങൾ തകരാറിലായാൽ സൗജന്യ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട് . 40 ടൺ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കൽ കേന്ദ്രീകരിച്ച് റിപ്പയർ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. 35 വാഹന നിർമ്മാതാക്കളുടെ 90 മെക്കാനിക്കൽ ടീമുകളും സജ്ജമാണ്
തീർത്ഥാടന പാതയിൽ അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ-
ഇലവുങ്കൽ : 09400044991
എരുമേൽലി : 094 96367974
കുട്ടിക്കാനം : 09446037100
----------
പട്രോളിംഗ് ശക്തമാക്കിയതും അനുകൂല കാലാവസ്ഥയും മികച്ച റോഡുകളും ഇത്തവണ അപകടങ്ങളുടെ എണ്ണം കുറച്ചു.
കെ.കെ. രാജീവ് (ഇടുക്കി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ)