
പത്തനംതിട്ട : തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പഞ്ചായത്തുകൾ വാർഡുകൾ വിഭജിച്ച് കരടുപട്ടിക പ്രസിദ്ധീകരിച്ചെങ്കിലും, പുതിയ പഞ്ചായത്തുകൾ അനുവദിക്കണമെന്ന ആവശ്യത്തിൽ നടപടിയില്ല. വിസ്തൃതിയിലും ജനസംഖ്യയിലും വലുതായ പഞ്ചായത്തുകളെ വിഭജിക്കണമെന്ന് നാട്ടുകാരും രാഷ്ട്രീയ കക്ഷികളും ആവശ്യമുന്നയിച്ചിരുന്നതാണ്. ജില്ലയിൽ പഴകുളം, കൂടൽ, ഏനാത്ത്, അങ്ങാടിക്കൽ, തടിയൂർ, ചേത്തയ്ക്കൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, സാമ്പത്തിക ബാദ്ധ്യത കാരണം പഞ്ചായത്തുകൾ വേണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനം നീളുകയാണ്.
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പള്ളിക്കലിൽ 24 വാർഡുകളുണ്ട്. സ്ഥല വിസ്തൃതി കാരണം ജനങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് ആവശ്യങ്ങൾ സാധിച്ചു മടങ്ങാൻ ബുദ്ധിമുട്ടുള്ള പഞ്ചായത്താണ് പള്ളിക്കൽ. പഞ്ചായത്ത് ഓഫീസിലേക്ക് ഗ്രാമീണ മേഖലകളിൽ നിന്ന് യാത്രാസൗകര്യവും കുറവാണ്. പള്ളിക്കലിനെ വിഭജിച്ച് പഴകുളം കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. നാട്ടുകാർ നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയെടുക്കുന്നില്ല. കലഞ്ഞൂർ, കൊടുമൺ, ഏാനദിമംഗലം, പ്രമാടം, അരുവാപ്പുലം പഞ്ചായത്തുകളിലെ വാർഡുകൾ ചേർത്ത് കൂടൽ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇക്കാര്യം പരിഗണനയ്ക്ക് വന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.
കടമ്പനാട്, ഏറത്ത്, ഏഴംകുളം പഞ്ചായത്തുകളിൽ നിന്ന് വാർഡുകൾ അടർത്തി ഏനാത്ത് പഞ്ചായത്ത് രൂപീകരിക്കണമെന്ന് നിർദേശം ഉയർന്നിരുന്നു.
യാത്രാ ക്ളേശം കാരണമാണ് അങ്ങാടിക്കൽ, തടിയൂർ, ചേത്തയ്ക്കൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പഞ്ചായത്തുകൾ വേണമെന്ന ആവശ്യമുയർന്നത്.