car-
കാറിന് തീപിടിച്ചപ്പോൾ

കോന്നി : തെലുങ്കാന സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചുമറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കലഞ്ഞൂർ ഇടത്തറയിൽ ഞായറാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയ കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. ബഞ്ചൽ റെഡി (33), മോഹൻകുമാർ (32),സച്ചിൻ നാരായണൻ (38), രമേഷ് ബാബു (27),നാഗേന്ദ്ര ബാബു (46) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹൻകുമാറിന്റെ കാലിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൂടൽ പൊലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല . തുടർന്ന് ആവണീശ്വരം,കോന്നി എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. ആവണീശ്വരം സ്റ്റേഷൻ ഓഫീസർ ഷാജിമോൻ നേതൃത്വം നൽകി. കാർ പൂർണമായും കത്തിനശിച്ചു.