pottal
കുറ്റൂർ മഠത്തിൽ ഭാഗത്ത്‌ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തിരുവല്ല : അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ മൂലം കുറ്റൂർ ജംഗ്ഷന് കിഴക്കുവശത്ത് താമസിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയാകുന്നു. ഉന്നത നിലവാരത്തിൽ നിർമ്മിച്ച കുറ്റൂർ - മനക്കച്ചിറ റോഡിൽ മഠത്തിൽ ഭാഗത്തായിട്ടാണ് പൈപ്പ് പൊട്ടൽ പതിവാകുന്നത്. ഒരാഴ്ച മുമ്പ് പൈപ്പ് പൊട്ടിയത് രണ്ടുദിവസം കൊണ്ട് പരിഹരിച്ചിരുന്നു. എന്നാൽ വീണ്ടും പൈപ്പ് പൊട്ടിയത് ഒരാഴ്ചയായിട്ടും തകരാർ പരിഹരിക്കുവാൻ അധികൃതർ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. പഴയ ആസ്ബറ്റോസ് സിമെന്റ് പൈപ്പാണ് ഈ റോഡ് വഴി കടന്നുപോകുന്നത്. റോഡ് നിർമ്മാണ സമയത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറായില്ല. ഇതുകാരണം തുടർച്ചയായി ഉണ്ടാവുന്ന പൈപ്പ് പൊട്ടലിനെ തുടർന്ന് റോഡിന്റെ പലഭാഗങ്ങളും തകർച്ചയിലാണ്.