കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകളില്ല
കോന്നി: പത്തനംതിട്ട -പത്തനാപുരം റൂട്ടിൽ രാത്രി കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകൾ ഇല്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. 6:.45 ന് പത്തനംതിട്ടയിൽ നിന്ന് പത്തനാപുരത്തേക്കുള്ള ഓർഡിനറി കെ.എസ്.ആർ.ടി.സി സർവീസ് കഴിഞ്ഞാൽ പിന്നെ ബസുകളില്ല. പത്തനംതിട്ടയിൽ നിന്ന് രാത്രി 7. 30നാണ് കോന്നി വഴി പത്തനാപുരത്തേക്കുള്ള അവസാനത്തെ സ്വകാര്യ ബസ് സർവീസ്. ദീർഘദൂര സർവീസുകളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്.
ഇതുമൂലം ശബരിമല ശബരിമല തീർത്ഥാടകർ അടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടുന്നതായി പരാതിയുണ്ട്. പത്തനംതിട്ട, കുമ്പഴ, കോന്നി, പ്രമാടം, തണ്ണിത്തോട്, മലയാലപ്പുഴ, അരുവാപ്പുലം, കലഞ്ഞൂർ, പത്തനാപുരം, പുനലൂർ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.
രാത്രി 10ന് പത്തനംതിട്ടയിൽനിന്ന് കോന്നി വഴി തിരുവനന്തപുരത്തേക്കും തെങ്കാശിയിലേക്കുമുള്ള ഫാസ്റ്റ് പാസഞ്ചർ ബസാണ് അവസാനത്തേത്. കോന്നി, കൂടൽ, കലഞ്ഞൂർ, പത്തനാപുരം, പുനലൂർ മേഖലയിലേക്കൊക്കെ പോകാൻ ഈ ബസുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഇവിടെനിന്നൊക്കെ പത്തനംതിട്ടയിലേക്കു പോകാൻ രാത്രി 11.20നുള്ള തൃശൂർ ഫാസ്റ്റാണ് അവസാന വണ്ടി. രാത്രി 8.10ഓടെ പത്തനംതിട്ട ഭാഗത്തേക്കുള്ള അവസാന സ്വകാര്യബസും പോയിക്കഴിഞ്ഞിരിക്കും.
കോന്നി വഴി തേക്കു തോട്ടിലേക്കും, വള്ളിക്കോട്ടേക്കും സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ അവസാനിപ്പിച്ചത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറുകയാണ്. കോന്നി മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ പല സർവീസുകളും മുടങ്ങുന്നതായും പരാതിയുണ്ട്.
തണ്ണിത്തോട് പഞ്ചായത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കോവിഡിനെ തുടർന്ന് നിലച്ചിരുന്നു. ഈ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. രാത്രി 7 കഴിഞ്ഞാൽ കോന്നിയിൽ നിന്നും തണ്ണിത്തോട് പഞ്ചായത്തിലെ മലയോര മേഖലയിലകളിലേക്ക് പോകുവാൻ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
--------------------
പത്തനംതിട്ട- പത്തനാപുരം റൂട്ടിൽ രാത്രി കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
സലിൽ വയലത്തല ( മനുഷ്യാവകാശ പ്രവർത്തകൻ )