sabari

ശബരിമല : തിരക്കിനൊപ്പം പ്രതികൂല കാലാവസ്ഥയുമായതോടെ ശബരിമലയിൽ പകർച്ചപ്പനി ബാധിതർ കൂടുന്നു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരും ജീവനക്കാരും പനിക്ക് ചികിത്സതേടി. ആശുപത്രികളിൽ ചികിത്സ തേടുന്ന പനിബാധിതരായ തീർത്ഥാടകരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. സന്നിധാനത്തെ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ആശുപത്രികളിൽ എത്തിയ അറുപത്തിനായിരത്തിലധികം പേരിൽ പകുതിയിലേറെയും പനി, ജലദോഷം, കഫക്കെട്ട് എന്നിവയ്ക്കാണ് ചികിത്സ തേടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പൊലീസുകാർക്കും ജീവനക്കാർക്കും കഴിഞ്ഞ ദിവസം മുതൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ചിക്കൻ പോക്സ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയാൻ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കും. സന്നിധാനം ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ഓഫീസ് മുറികളിലും താമസസ്ഥലങ്ങളിലും അണുനശീകരണം നടത്തുന്നുണ്ട്. കൊതുക് നിർമ്മാർജ്ജനത്തിന് വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്കൊപ്പം മെഷീൻ ഫോഗിംഗും നടത്തും. എലിപ്പനി തടയാൻ 200 മില്ലി ഡോക്സി സൈക്ലിൻ ഗുളികകൾ വിതരണം ചെയ്യും. ഭക്ഷ്യശാലകളിലെ ശുചിത്വം ഉറപ്പാക്കാൻ സ്‌ക്വാഡുകൾ പരിശോധന നടത്തും. ആയുർവേദ വകുപ്പ് ധൂപസന്ധ്യ എന്ന പേരിൽ അപരാജിതധൂപം പുകച്ച് അണുനശീകരണം ചെയ്യുന്നുണ്ട്. ശടങ്കപാനീയം എന്ന ആറ് മരുന്നുകൾ ചേർന്ന ഔഷധ വെള്ളമാണ് ഭക്തർക്ക് വിതരണം ചെയ്യുന്നത്. ഹോമിയോ വകുപ്പ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകൾ ഭക്തർക്കും ജീവനക്കാർക്കും വിതരണം ചെയ്യും.

‌ഈ സീസണിൽ പമ്പയിലും സന്നിധാനത്തും

വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവർ : 67,597

(അലോപ്പതി : 28839, ആയൂർവേദം : 25060, ഹോമിയോപ്പതി : 1107)

മരുന്ന് കഴിക്കുന്നവർ ദർശനത്തിന് എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണം. ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പേ ലഘു വ്യായാമങ്ങൾ ചെയ്യണം. മല കയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാൽ അടിയന്തരമായി വൈദ്യസഹായം ഉറപ്പാക്കണം.

ഡോ.അനീഷ് കെ.സോമൻ

(സന്നിധാനം മെഡിക്കൽ ഓഫീസർ)