
ശബരിമല: മുതിർന്നവർക്കും കുട്ടികൾക്കുമായി സന്നിധാനത്ത് അടുത്തവർഷം വിശ്രമകേന്ദ്രം
ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പമ്പയിലെ ഫെസിലിറ്റേഷൻ സെന്ററിന്റെ മാതൃകയിലായിരിക്കും കേന്ദ്രം. കുട്ടികൾക്ക് ക്യൂവില്ലാതെ ദർശനം നടത്താനുള്ള കുട്ടി ഗേറ്റ് സംവിധാനം അടുത്തവർഷം വിപുലപ്പെടുത്തും. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് 15 ലക്ഷം തീർത്ഥാടകരെ ഇക്കുറി അധികമായി പ്രതീക്ഷിക്കുന്നുണ്ട്. പമ്പയിലും നിലയ്ക്കലും കൂടുതൽ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു. പമ്പയിൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മൂന്ന് നടപ്പന്തലുകൾ, സ്ത്രീകൾക്കായി വിശ്രമകേന്ദ്രം എന്നിവ നിർമ്മിച്ചു. ക്യൂവിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളം, ബിസ്കറ്റ് എന്നിവ നൽകുന്നുണ്ട്.
അരവണ, ഉണ്ണിയപ്പം എന്നിവ ആവശ്യംപോലെ വിതരണം ചെയ്യുന്നുണ്ട്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ 40 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടായിരുന്നു. 25 ലക്ഷം ടിൻ ഇപ്പോഴും സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരന്
ഡോളി വൈകിയതിൽ
വിശദീകരണം തേടി
കൊച്ചി: ഭിന്നശേഷിക്കാരനായ അയ്യപ്പഭക്തനെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള ഡോളി സർവീസ് വൈകിയതിൽ ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയിലെ ചീഫ് പൊലീസ് കോഓർഡിനേറ്റർ രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീ കൃഷ്ണയും ഉൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു.
ഞായറാഴ്ച എത്തിയ തീർത്ഥാടകനാണ് പമ്പ ബസ് സ്റ്റോപ്പിൽ ഡോളിക്കായി ഏറെനേരം കാത്തിരിക്കേണ്ടിവന്നത്. ഈ സമയം പമ്പ ഗണപതിക്ഷേത്രത്തിന് സമീപമുള്ള കേന്ദ്രത്തിൽ ഡോളി ലഭ്യമല്ലായിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വെർച്വൽ ക്യൂ ചുമതലയുള്ള ഡിവൈ.എസ്.പി തൊഴിലാളികളെ ബന്ധപ്പെട്ടാണ് ഡോളി വരുത്തിയത്. ഇവർക്കൊപ്പം അനഗുമിച്ച ഡിവൈ.എസ്.പി,ഭിന്നശേഷിക്കാരന് സേവനം ഉറപ്പാക്കി. തിരികെ പമ്പാ ഗണപതി ക്ഷേത്രം വരെ അദ്ദേഹം കൂടെയുണ്ടാവുകയും ചെയ്തിരുന്നെന്നും സർക്കാർ ബോധിപ്പിച്ചു.
ദിലീപിന്റെ ദർശനം: റിപ്പോർട്ട് സമർപ്പിച്ചു
ശബരിമലയിൽ നടൻ ദിലീപും കൂട്ടരും മറ്റ് ഭക്തർക്ക് തടസം സൃഷ്ടിക്കുന്ന വിധം ദർശനം നടത്തിയതിൽ പൊലീസ് സ്പെഷ്യൽ ഓഫീസറുടെയും സോപാനം ഓഫീസറുടെയും റിപ്പോർട്ടുകളും ദൃശ്യങ്ങളടങ്ങിയ സി.ഡിയും ഹൈക്കോടതിയിൽ സമർപ്പിച്ചു. വിഷയം ഇന്ന് കോടതി വീണ്ടും പരിഗണിക്കും.