അടൂർ: നഗരത്തിൽ മുന്നറിയിപ്പില്ലാത്ത ഇന്നലെ വൈദ്യുതി മുടങ്ങിയത് അഞ്ചുതവണ. അടൂർ ഭവാനി റോഡ്,കോട്ടപ്പുറം ഭാഗങ്ങളിൽ രാവിലെ മുതൽ വൈകിട്ട് ആറുവരെയുള്ള സമയത്തിനിടെയിലായിരുന്നു വൈദ്യുതി മുടക്കം. ഇത് പതിവായി മാറിയിരിക്കുകയാണെന്ന് പരാതിയുണ്ട്. പന്നിവിഴ, കൊന്നമങ്കര, ടൗൺ തുടങ്ങിയ പ്രദേശങ്ങളിലും ഇതാണ് സ്ഥിതി. മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതോടെ വ്യാപാര സ്ഥാപനങ്ങളും ഗാർഹിക ഉപഭോക്താക്കളും ഒരുപോലെ ദുരിതത്തിലാണ്. ആർ.ഡി ഓഫീസ് - കോട്ടപ്പുറം, ശ്രീമൂലം ചന്ത ഭാഗങ്ങളിൽ വൈദ്യുതി എത്തുന്നത് വല്ലപ്പോഴുമാണ്. രാത്രിയിൽ വൈദ്യുതി മുടങ്ങുന്നതോടെ നഗരം ഇരുട്ടിലാകും. ഇതോടെ രാത്രിയാത്രക്കാരടക്കം ബുദ്ധിമുട്ടിലാകും

------------------

പരാതിപ്പെടാൻ വൈദ്യുതി ഓഫീസിൽ വിളിച്ചാൽ ഫോണിൽ ലഭിക്കാറില്ല. രാവിലെ വൈദ്യുതി മുടങ്ങുന്നത് വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്ക് തടസ്സമാകുന്നു. ഓഫീസുകളിൽ പോകേണ്ടവർക്കും ഇത് ദുരിതമാണ്.

അമ്പിളി

വീട്ടമ്മ

കോട്ടപ്പുറം

---------------------

അടൂരിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതിവിതരണം തടസ്സപ്പെടുത്തേണ്ടി വരുന്നത്. കേബിളുകൾ സ്ഥാപിക്കുന്ന പണികൾ ഇന്നലെ വൈകുന്നേരത്തോടെ പൂർത്തിയായി. ഇന്നു മുതൽ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമില്ലാതെ ലഭിക്കും.

ഷാജി

അസി.എക്സിക്യൂട്ടീവ് എൻജിനിയർ,

കെ.എസ്.ഇ.ബി. അടൂർ