പന്തളം: നീർച്ചാലുകളുടെ നവീകരണത്തിലൂടെ നീരൊഴുക്കിന്റെ തടസം മാറ്റാൻ ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ ഉൾപ്പെടുത്തി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യങ്ങൾ നീർച്ചാലുകളിലേക്ക് വലിച്ചെറിഞ്ഞ് മലിനമാക്കുന്നത് ഒഴിവാക്കി സംരക്ഷിച്ചാൽ മാത്രമെ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ജീവൻ നിലനിറുത്താൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി.വിദ്യാധര പണിക്കർ, എൻ.കെ. ശ്രീകുമാർ, പ്രിയാ ജ്യോതികുമാർ, ശ്രീകല, ശ്രീവിദ്യ, രഞ്ജിത്ത്, ശരത് കുമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ രാജി, സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.