
പത്തനംതിട്ട : കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക് അദാലത്തിൽ 110 പരാതികൾക്ക് പരിഹാരം. അദാലത്തിലെത്തിയ 50 ശതമാനം പരാതികൾക്കും പരിഹാരം കണ്ടെത്തി. 45 പരാതികൾക്ക് പൂർണ പരിഹാരവും 65 പരാതികൾക്ക് പരിഹാര നിർദേശവും നൽകി. 42 അപേക്ഷകർക്ക് റേഷൻ കാർഡ് നൽകി. ആകെ 182 അപേക്ഷകളാണ് ഓൺലൈനിലൂടെ ലഭിച്ചത്. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ മന്ത്രിമാരായ പി.രാജീവ്, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികൾ സ്വീകരിച്ചുള്ള പരിഹാര നടപടികളുണ്ടായത്. മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോയി ഫിലിപ്പ്, ജോൺസൺ വിളവിനാൽ, മിനി ജിജു ജോസഫ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഭൂമി നഷ്ടമായ പരാതികളേറെ
റീസർവേയ്ക്ക് ശേഷം ഭൂമി നഷ്ടമായ പരാതികളാണ് കൂടുതലും ഉണ്ടായിരുന്നത്. പലതും പുറമ്പോക്ക് ഭൂമിയായി മാറ്റപ്പെട്ടു. 41 സെന്റ് 34 സെന്റ് ആയതും 28 സെന്റ് 20 സെന്റായതും തുടങ്ങിയ പ്രശ്നങ്ങളായിരുന്നു പരാതിയിലേറെയും.
അതിർത്തി തർക്കമായിരുന്നു മറ്റൊരു പ്രധാന പരാതി. വീടിന്റെ അതിർത്തിയിൽ മരം നടുന്നതും വെട്ടിമാറ്റാത്തതും കല്ല് മാറ്റിയതും തുടങ്ങി വിവിധ പരാതികളുമുണ്ടായിരുന്നു. വീട്ടിലെ കിണറിലെ വെള്ളം മലിനമാക്കുന്നത് സംബന്ധിച്ച് പരാതിയിൽ അയൽവാസിയുടെ മരം മുറിച്ച് മാറ്റാൻ മന്ത്രി നിർദേശം നൽകി. അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത കേസുകളിൽ പലതും കോടതിയിൽ തീർപ്പ് കൽപ്പിക്കേണ്ടവയാണ്.
മന്ത്രിക്ക് മുമ്പിൽ രോഷം കൊണ്ട് പരാതിക്കാരൻ
ഡയാലിസീസിനുള്ള ഫ്ലുയിഡ് ലഭിക്കുന്നില്ലെന്ന പരാതിയുമായെത്തിയ കൈരളിപുരം സ്വദേശി ബാലകൃഷ്ണൻ മന്ത്രി വീണാ ജോർജിന് മുമ്പിൽ രോഷം കൊണ്ടു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ലഭിച്ച് കൊണ്ടിരുന്ന ഫ്ലുയിഡ് ഇപ്പോൾ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. അന്വേഷിച്ച് പരിഹാരം കാണാമെന്ന് മന്ത്രി പറഞ്ഞെങ്കിലും അദാലത്തിൽ വിളിച്ച് പറ്റിക്കരുതെന്നായി പരാതിക്കാരൻ.
ഡി.എം.ഒ സംഭവത്തിൽ അന്വേഷണം നടത്തി. സ്വകാര്യ ആശുപത്രിയിൽ ഡയാലിസീസ് ചെയ്യുന്ന ഇദ്ദേഹത്തിന് നാല് വർഷം ആശുപത്രിയിൽ നിന്ന് ഫ്ലുയിഡ് ലഭിച്ചിരുന്നു. എന്നാൽ ജനറൽ ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ പുറത്തേക്ക് ഫ്ലുയിഡ് നൽകുന്നില്ലെന്ന് ഡി.എം.ഒ അറിയിച്ചു.