christmas

തിരുവല്ല : 'നിലാവ് പോലെ' എന്ന് തുടങ്ങുന്ന ക്രിസ്മസ് ഗാനം ആംഗ്യഭാഷയിൽ അവതരിപ്പിച്ചു ക്രിസ്മസ് സന്തോഷം അവർ പങ്കിട്ടു. തുകലശേരി സി എസ്ഐ വി.എച്ച്എസ്എസ് ഫോർ ഡെഫിലെ കുട്ടികളാണ് ക്രിസ്മസ് ആഘോഷത്തിൽ പങ്കാളികളായത്. മാർത്തോമാ സഭയിലെ വൈദികൻ റവ.സാജൻ പി.മാത്യു രചിച്ച് ഈണംപകർന്ന ഗാനം അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ഒപ്പം കുട്ടികൾ ആംഗ്യഭാഷയിൽ അവതരിപ്പിച്ചത് വേറിട്ട കാഴ്ചയായി. കൂടാതെ കുട്ടികളുടെ ക്രിസ്തുവിന്റെ പിറവിയുടെ ദൃശ്യാവിഷ്കാരവും സംഘനൃത്തവും ഏറെ പ്രശംസനേടി. ക്രിസ്മസ് സായാഹ്നം എന്ന പേരിൽ അരങ്ങേറിയ ക്രിസ്മസ് ആഘോഷം പൂർവ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം കൂടിയായി.